സൈമണ്‍ ലാലന്റെ മൊഴി കളവെന്ന് പോലീസ്; അനീഷിന്റെ ശരീരത്തിലേറ്റത് ഒരു കുത്ത് മാത്രമെന്ന് ബന്ധു
![Aneesh George](https://newsmoments.in/static/c1e/client/89487/uploaded/9eeac3cdd6f3546d458150b108c56c33.jpg)
പേട്ട കൊലപാതകത്തില്‍ പ്രതി സൈമണ്‍ ലാലന്റെ മൊഴി കള്ളമെന്ന് സ്ഥിരീകരിച്ച് പോലീസ്. കള്ളനാണെന്ന് കരുതി കുത്തിയെന്നായിരുന്നു ഇയാള്‍ പോലീസില്‍ കീഴടങ്ങിക്കൊണ്ട് നല്‍കിയ മൊഴി. എന്നാല്‍ അനീഷ് ജോര്‍ജാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷമാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. സൈമണ് അനീഷിനെ നേരത്തേ പരിചയമുണ്ടായിരുന്നു. ഇയാള്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയെന്ന് ഭാര്യയും മകളും മൊഴി നല്‍കിയിട്ടുണ്ട്.
അനീഷിന്റെ ശരീരത്തില്‍ ഒരു കുത്ത് മാത്രമാണ് ഏറ്റിരുന്നതെന്ന് ഇന്‍ക്വസ്റ്റില്‍ ഒപ്പമുണ്ടായിരുന്ന ബന്ധു റേച്ചല്‍ പറഞ്ഞു. നെഞ്ചില്‍ മാത്രമാണ് കുത്തേറ്റിരുന്നത്. കത്തി ശരീരം തുളച്ച് മറുവശത്ത് എത്തിയിരുന്നു. ഇത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണെന്ന് കരുതുന്നതായും റേച്ചല്‍ പറഞ്ഞു. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് പ്രതിയായ സൈമണ്‍ ലാലന്‍ കുത്തിയതെന്നും ഫോണ്‍ വന്നതിന് തെളിവുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
സൈമണ്‍ ലാലന്റെ ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചിട്ടും അനീഷിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് അനീഷിന്റെ അമ്മ ഡോളി പറഞ്ഞു. സൈമണിന്റെ ഭാര്യ വീട്ടില്‍ വരുമായിരുന്നു. ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി അവര്‍ പറയുമായിരുന്നു. ഭാര്യ മറ്റുള്ളവരോട് സംസാരിക്കുന്നത് സൈമണ്‍ വിലക്കിയിരുന്നു. അയാള്‍ വീട്ടിലില്ലാത്ത സമയത്താണ് അവര്‍ പുറത്തിറങ്ങിയിരുന്നത്. അവര്‍ തന്നെ എപ്പോഴും ഫോണ്‍ ചെയ്യും. ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെ പറയും.
ഫോണില്‍ വിളിക്കുമ്പോള്‍ അനീഷ് അവരെ സമാധാനിപ്പിക്കും. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അനീഷ് സൈമണിന്റെ ഭാര്യക്കും മകള്‍ക്കുമൊപ്പം ലുലു മാളില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടായപ്പോലല ള്‍ മോനെ വിളിച്ചു വരുത്തിയതാണ്. വഴക്കു പറയുമെന്നു കരുതി അവന്‍ ആരോടും പറയാതെ വീട്ടില്‍ നിന്ന് പോയതായിരിക്കുമെന്നും ഡോളി പറഞ്ഞു.
സൈമണ്‍ ലാലന്റെ വീട്ടില്‍ പുലര്‍ച്ചെ 3 മണിക്കാണ് അനീഷ് ജോര്‍ജ് കുത്തേറ്റ് മരിച്ചത്. പുലര്‍ച്ചെ മകളുടെ മുറിയില്‍ ശബ്ദം കേട്ടു. വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് കതക് തള്ളിത്തുറന്നപ്പോള്‍ അനീഷുമായി മല്‍പ്പിടിത്തം ഉണ്ടാകുകയും താന്‍ കത്തികൊണ്ട് കുത്തിയെന്നുമായിരുന്നു സൈമണ്‍ പറഞ്ഞത്.