പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ പ്രതികളുടുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കമ്പനി ഉടമ ഡാനിയേല്‍ തോമസ്, മകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഭൂമി, 14 കോടിയുടെ സ്വര്‍ണ്ണം, 10 കാറുകള്‍ എന്നിവ കണ്ടുകെട്ടിയതായി ഇഡി ഉത്തരവില്‍ പറയുന്നു.
2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 280 ബ്രാഞ്ചുകളായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്. നിക്ഷേപങ്ങള്‍ക്ക് വന്‍ തുക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. സംസ്ഥാനത്തും പുറത്തുമായി 1368 കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും തട്ടിയെടുത്ത പണത്തിന്റെ ഭൂരിഭാഗവും ദുബായ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ബിനാമി പേരില്‍ നിക്ഷേപിച്ചിരുന്നതായും എന്‍ഫോഴ്‌സമെന്റ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തട്ടിപ്പ് പുറത്തു വന്നത്. സംഭവത്തില്‍ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ, മൂന്ന് പെണ്‍മക്കള്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസില്‍ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് അന്വേഷണം.