നീറുന്ന മനസ്സുമായി റഹീം നാട്ടിലെത്തി, ഇനിയെന്ത്? മക്കളില്‍ ഒരാൾ ചുറ്റികയ്ക്കിരയായി, മറ്റൊരാൾ ജയിലിൽ

 | 
rahim father afan

വിങ്ങുന്ന മനസ്സോടെ റഹീം നാട്ടിലെത്തി. എന്തുചെയ്യണമെന്നറിയാതെ കാറിനരികിലേക്ക് നടന്നുനീങ്ങി. പ്രതിസന്ധിയിൽ നിന്ന് കരകയറി ജീവിതത്തിലേക്ക് തിരിച്ചു കയറാമെന്ന വിശ്വാസത്തോടെ മുമ്പോട്ട് പോകുന്നതിനിടയിൽ വെള്ളിടിപോലെയെത്തിയ ദുരന്തം, ഇനി എന്ത് എന്ന ചോദ്യം റഹീമിന്റെ മുമ്പിൽ ബാക്കിയായിക്കിടക്കുന്നുണ്ട്.

രാവിലെ 7.55-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ പ്രിയപ്പെട്ടവരില്ല. സ്നേഹത്തോടെ വളർത്തിയ രണ്ടുമക്കളിൽ ഒരാൾ ഇന്ന് ജീവനോടെ ഇല്ല, മറ്റൊരാൾ കൂട്ടക്കൊലക്കേസിൽ അറസ്റ്റിൽ. പ്രിയപ്പെട്ട ഭാര്യയാകട്ടെ ആശുപത്രിക്കിടക്കയിൽ. ഉമ്മയും പ്രിയപ്പെട്ട സഹോദരനും സഹോദരന്റെ ഭാര്യയും കൊല്ലപ്പെട്ടു.

വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. റിയാദിൽ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്​ടമായി. കടക്കാരിൽ നിന്ന്​ തൽക്കാലത്തേക്ക്​ മാറി നിൽക്കാനാണ്​ റഹീം ദമ്മാമിലേക്ക്​ വണ്ടി കയറിയത്​.

നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എം.എൽ.എ.യുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. ഇവിടെ നിന്ന് പള്ളിയിലേക്ക് പോകും. അവസാനമായി ഒരു നോക്ക് കാണാൻ പറ്റാത്ത തന്റെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങളിലേക്ക്. അതിന് ശേഷം ആശുപത്രിയിലേക്ക് പോയി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.

അഫാൻ ആദ്യ കുട്ടിയായത്​ കൊണ്ട്​ കൂടുതൽ വാത്സല്യം നൽകിയിരുന്നുവെന്ന് റഹീം പറയുന്നു. അവനെ ഉൾപ്പെടെയാണ്​ സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടു വന്നത്​. 10 മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു. കാറ്ററിംഗിനും മറ്റും പോയി അവൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു. അത്​ അവന്റെ കാര്യങ്ങൾക്കെടുക്കും. അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണിൽ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന്​ വേണ്ടി ഭാര്യയുടെ അടുത്ത്​ വഴക്കിടാറുണ്ട്​. അതേക്കുറിച്ച്​ ചോദിച്ചപ്പോൾ 'ഓ അവന്​ ഭ്രാന്താ' എന്ന ഒഴുക്കൻ മറുപടിയാണ്​ ഭാര്യ പറഞ്ഞതെന്ന് റഹീം കൂട്ടിച്ചേർത്തു.
 

News Hub