ഗൗരിയമ്മയുടെ സ്മാരകത്തില്‍ തര്‍ക്കം രൂക്ഷം; പെന്‍ഷന്‍ അവകാശത്തിലും തര്‍ക്കം

ആലപ്പുഴ: കെ.ആര്. ഗൗരിയമ്മയുടെ പേരില് നിര്മിക്കാനുദ്ദേശിക്കുന്ന സ്മാരകം എന്താകണം എന്നതില് ആശയക്കുഴപ്പം. സര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പഠനഗവേഷണ കേന്ദ്രം തുടങ്ങണമെന്ന അഭിപ്രായം ചിലര്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ ഭിന്നശേഷി കുട്ടികളുടെ പുനരധിവാസകേന്ദ്രം വേണമെന്നാണു ചില ബന്ധുക്കളുടെ വാദം. ഗൗരിയമ്മ കൈപ്പറ്റാതിരുന്ന പെന്‍ഷന്‍ തുകയുടെ അവകാശി ആരെന്നതിലും തര്‍ക്കമുണ്ട്.
കഴിഞ്ഞ ബജറ്റില്‍ ഗൗരിയമ്മയ്ക്കു സ്മാരകം നിര്‍മിക്കുന്നതിന് ബജറ്റില്‍ രണ്ടുകോടി രൂപ വകയിരുത്തിയിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന ഗൗരിയമ്മയ്ക്ക് അത്തരമൊരു സ്ഥാപനം ഉചിതമായ സ്മാരകമാകുമെന്നു ബന്ധുക്കള്‍ പറയുന്നു. സാമ്പത്തിക ലക്ഷ്യത്തോടെയോ രാഷ്ട്രീയ താല്‍പര്യങ്ങളോടെയോ ഒരു സ്ഥാപനം വേണ്ടെന്നുമാണ് അവരുടെ വാദം.
സ്മാരകനിര്‍മാണവുമായി ബന്ധപ്പെട്ട് അഭിപ്രായമറിയാന്‍ ജെഎസ്എസിലെ ഒരുവിഭാഗം നേതാക്കളെ സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. പഠനഗവേഷണ കേന്ദ്രമെന്ന അഭിപ്രായം മുന്നോട്ടുവച്ചതായി ജെഎസ്എസ് നേതാവും ഗൗരിയമ്മയുടെ ബന്ധുവുമായ ബീനാകുമാരി പറഞ്ഞു. ഗൗരിയമ്മയുടെ പേരിലുള്ള സ്ഥലത്ത് ഒരു ആധുനിക ആശുപത്രി നിര്‍മിക്കണമെന്നു കുടുംബാംഗങ്ങളുടെ യോഗത്തില്‍ ആശയം ഉയര്‍ന്നെങ്കിലും വിയോജിപ്പുകള്‍ ശക്തമാണ്. കുറെ വര്‍ഷങ്ങളായി ഗൗരിയമ്മ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നില്ല. വ്യാജരേഖചമച്ച് ഈ തുക വാങ്ങിയെടുക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് ചില ബന്ധുക്കള്‍ ട്രഷറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.