നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പിനെതിരെ പരാതി

കോട്ടയം: നാര്‍കോട്ടിക് ജിഹാദ്, ലവ് ജിഹാദ് പരാമര്‍ശങ്ങളില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ പരാതി. കോട്ടയം താലൂക്ക് മഹല്ല് മുസ്ലീം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. 153 എ വകുപ്പു പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ബിഷപ്പിന്റെ പരാമര്‍ശം മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രസ്താവന ബോധപൂര്‍വ്വമാണെന്നും പരാതിയില്‍ പറയുന്നു. ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പിഡിപി അറിയിച്ചിട്ടുണ്ട്. ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. ലവ് ജിഹാദിനൊപ്പം നാര്‍കോട്ടിക് ജിഹാദും കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും ഇരയാക്കുന്നുവെന്നായിരുന്നു ബിഷപ്പ് പ്രസംഗിച്ചത്.
ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയായണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കുടുംബങ്ങള്‍ ഇക്കാര്യത്തില്‍ കരുതിയിരിക്കണമെന്നാണ് ബിഷപ്പ് പ്രസംഗത്തില്‍പറഞ്ഞത്. കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വിവാദ നിലപാടുകള്‍ ബിഷപ്പ് ആവര്‍ത്തിക്കുകയും കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരിക്കുന്നത്.
മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്ന് മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ട്.
ലോകത്തില്‍ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നത് ലക്ഷ്യംവെച്ച് പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് ആരോപിച്ചു.
ലവ് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു. ലൗജിഹാദ് ഇല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രത്യേക നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടാകാമെന്നും ബിഷപ് പറഞ്ഞിരുന്നു.