സന്ദീപിന്റേത് രാഷ്ട്രീയക്കൊലയല്ലെന്ന് പറഞ്ഞ പോലീസ് എഫ്‌ഐആറില്‍ തിരുത്തി; പ്രതികള്‍ ബിജെപിക്കാരെന്ന് പരാമര്‍ശം

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പോലീസ് എഫ്‌ഐആറില്‍ തിരുത്തി. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയാണ് ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊല്ലപ്പെട്ട സന്ദീപും മുഖ്യപ്രതി ജിഷ്ണുവും തമ്മില്‍ നേരത്തേ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നുമായിരുന്നു ജില്ലാ പോലീസ് മേധാവി നിശാന്തിനി ഉള്‍പ്പെടെയുള്ളവര്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നത്.
എന്നാല്‍ യുവമോര്‍ച്ച നേതാവായ ജിഷ്ണുവിന്റെ നേതൃത്വത്തില്‍ നടത്തിയ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിലപാടിലായിരുന്നു സിപിഎം. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി പുറത്തുവന്ന എഫ്‌ഐആറിലാണ് ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം സൂചിപ്പിച്ചിരിക്കുന്നത്. ബിജെപി പ്രവര്‍ത്തരായ 5 പേര്‍ക്ക് സിപിഎം പ്രവര്‍ത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും മുന്‍കൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേല്‍പിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അന്യായമായി സംഘം ചേരല്‍, വധഭീഷണി, കൊലപാതകം എന്നിങ്ങനെ എട്ടു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.