പഞ്ചായത്ത് ഭരണം വനിതാ പ്രസിഡന്റിന്റെ ഭര്‍ത്താവെന്ന് സെക്രട്ടറിയുടെ പരാതി; വിഷയം ഓംബുഡ്‌സ്മാന് മുന്നില്‍

 | 
 Panchayat

പഞ്ചായത്ത് ഭരണത്തില്‍ വനിതാ പ്രസിഡന്റിന്റെ ഭര്‍ത്താവ് ഇടപെടുന്നുവെന്ന് പരാതി നല്‍കി സെക്രട്ടറി. മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന് കൈമാറിയതായി തദ്ദേശ ഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി.

ഭരണസമിതി തീരുമാനം എടുക്കേണ്ട വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ ഭര്‍ത്താവ് അനുവദിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. മഴക്കാല ശുചീകരണ ഫണ്ട് കൈമാറല്‍, പഞ്ചായത്തിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കല്‍ തുടങ്ങിയവയാണ് ഭര്‍ത്താവിന്റെ ഇടപെടല്‍ മൂലം മുടങ്ങിയത്.

പഞ്ചായത്ത് യോഗങ്ങളില്‍ കയറി അഭിപ്രായം പറയല്‍, ഓഫിസിലെ എല്ലാ സെക്ഷനുകളിലും കയറിയിറങ്ങി ജീവനക്കാരെ ശല്യം ചെയ്യല്‍ തുടങ്ങിയവയും ദിവസവും പ്രസിഡന്റിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുന്നു തുടങ്ങിയ പരാതികളും സെക്രട്ടറി ഉന്നയിക്കുന്നു.