അവള്‍ എന്റേതാണ്, ലോകം എന്തും പറയട്ടെ; വിവാദത്തിന് പിന്നാലെ മുക്തയുടെ പ്രതികരണം ഇങ്ങനെ

 | 
Mukta

ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയില്‍ മകളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ നടി മുക്ത പ്രതികരണവുമായി രംഗത്ത്. അവള്‍ ന്റേതാണ്. ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കയറി പിടിച്ച് അത് ഷെയര്‍ ചെയ്ത് സമയം കളയാതെ. ഒരുപാടുപേര് നമ്മളെ വിട്ടുപോയി, പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കൂ എന്ന് മുക്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ മുക്ത നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ്. അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറഞ്ഞിരുന്നു.

A post shared by muktha (@actressmuktha)

ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പിന്നീട് ഉണ്ടായത്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ട് കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി ജോലി ചെയ്യേണ്ടവളാണെന്നും പറഞ്ഞത് ബാലാവകാശ നിഷേധവും സ്ത്രീവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവര്‍ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി നല്‍കി.

സ്ത്രീകളെ സാമൂഹ്യമായി അപമാനിക്കുന്ന ഈ പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് തടയാനും നിവില്‍ യൂട്യൂബിലുള്ള പരിപാടി പിന്‍വലിക്കാനും നടപടി സ്വീകരിക്കണമെന്ന് ഇവര്‍ തുറന്ന കത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.