ഐഫോണിന് പകരം സോപ്പ്; ആലുവ സ്വദേശിക്ക് പണം തിരികെ നല്‍കി ആമസോണ്‍

 | 
iphone

ഐഫോണിന് പകരം സോപ്പും 5 രൂപയും ലഭിച്ച സംഭവത്തില്‍ ആലുവ സ്വദേശിക്ക് പണം മുഴുവന്‍ തിരികെ നല്‍കി ആമസോണ്‍. ആമസോണ്‍ പേ ഉപയോഗിച്ച് ഓര്‍ഡറിന് അടച്ച 70,900 രൂപയും തിരികെ ലഭിച്ചതായി കബളിപ്പിക്കപ്പെട്ട നൂറുല്‍ അമീന്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍ 12 ബുക്ക് ചെയ്തത്. ഒക്ടോബര്‍ 15ന് പാക്കേജ് ലഭിച്ചു. പാക്കറ്റ് പൊട്ടിച്ചപ്പോള്‍ സോപ്പുകട്ടയും 5 രൂപയുമായിരുന്നു ഉള്ളില്‍ ഉണ്ടായിരുന്നത്. ഡെലിവറി ബോയുടെ മുന്നില്‍വെച്ചുതന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. തൊട്ടുപിന്നാലെ ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്തു.

എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായും പോലീസ് ബന്ധപ്പെട്ടു. നൂറുല്‍ അമീറിന് ലഭിച്ച കവറില്‍ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറില്‍ തന്നെ ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.

ഇതിനിടയില്‍ ഫോണിനായുള്ള ഓര്‍ഡര്‍ സ്വീകരിച്ച ഡീലറുമായും പോലീസ് ബന്ധപ്പെട്ടിരുന്നു. ഇവരാണ് ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്ന് പോലീസിനെ അറിയിച്ചത്. പിന്നീട് നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയായിരുന്നു.