കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; അയല്‍ക്കാര്‍ പിടിയില്‍

 | 
Eldhose-Paul

കോതമംഗലത്ത് സ്റ്റുഡിയോ ഉടമയായിരുന്ന എല്‍ദോസ് പോളിന്റെ മരണം കൊലപാതകം. ചേലാട്, പെരിയാര്‍ വാലി കനാല്‍ ബണ്ടില്‍ മരിച്ച നിലയിലാണ് എല്‍ദോസ് പോളിനെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം സ്‌കൂട്ടര്‍ മറിഞ്ഞു കിടന്നിരുന്നതിനാല്‍ അപകട മരണമാണെന്നായിരുന്നു ആദ്യം കരുതിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് പിന്നിലേറ്റ പ്രഹരമാണ് മരണ കാരണമെന്ന് കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

സംഭവത്തില്‍ അയല്‍വാസി എല്‍ദോസ് ജോയിയെയും പിതാവ് ജോയി, മാതാവ് മോളി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമയായിരുന്നു എല്‍ദോസ് പോള്‍. പ്രതിയായ കൊച്ചാപ്പ എന്ന് വിളിത്തുന്ന എല്‍ദോസിന് സ്റ്റുഡിയോ ഉടമയായ എല്‍ദോസ് പോള്‍ മൂന്നു ലക്ഷം രൂപ കടം കൊടുത്തിരുന്നു. ഇത് തിരികെ നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി കോടാലിക്കൈ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലയ്ക്ക് ശേഷം മൃതദേഹം സ്‌കൂട്ടറില്‍ ഇരുത്തി കനാല്‍ക്കരയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട എല്‍ദോസിന്റെ ഫോണ്‍ കാണാതായിരുന്നു. ഇത് പ്രതികള്‍ നശിപ്പിച്ചതാണെന്ന് കണ്ടെത്തി. ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊലയ്ക്ക് ഉപയോഗിച്ച കോടാലിക്കൈ കത്തിച്ചു കളഞ്ഞതായി പ്രതികള്‍ പറഞ്ഞു. ഇതിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.