'അനുഭവിക്കുന്നത് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിന്റെ ശിക്ഷ'; സുരേന്ദ്രനെതിരെ സംഘപരിവാര്‍ അനുകൂലിയായ നടന്‍

 | 
Santhosh Nair
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സംഘപരിവാര്‍ സഹയാത്രികനായ നടന്‍ സന്തോഷ് കെ.നായര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സംഘപരിവാര്‍ സഹയാത്രികനായ നടന്‍ സന്തോഷ് കെ.നായര്‍. ഹിന്ദുക്കള്‍ പരിപാവനമായി കാണുന്ന ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിന്റെ ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്ന് സന്തോഷ് പറഞ്ഞു. തൃശൂരില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സന്തോഷിന്റെ വിമര്‍ശനം.

ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പരിപാവനമായ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു. ഹിന്ദുക്കളുടെ അവസ്ഥയ്ക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെ കൊടുക്കുന്നുണ്ട്, അത് നമ്മളെല്ലാവരും കാണുന്നുണ്ട്. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലെത്തുന്നവര്‍ നല്ലൊരു നേതാവാകുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളെപ്പോലെ ആവുകയാണ്. ഹിന്ദുക്കള്‍ക്ക് കോടാനുകോടി ദൈവങ്ങളുണ്ട്, ഇനി ആള്‍ദൈവങ്ങളുടെ ആവശ്യമില്ലെന്നും സന്തോഷ് പറഞ്ഞു.

നമുക്ക് സംഘടനയില്‍ മനുഷ്യദൈവങ്ങളുടെ ആവശ്യമില്ല. ലീഡറെയാണ് വേണ്ടത്. ഹിന്ദു ചിന്തിക്കുന്നവനാണ്. മുകളില്‍നിന്ന് ഒരാള്‍ മൂളിക്കൊടുത്താന്‍ റാന്‍ മൂളുന്നവരല്ല ഹിന്ദുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ബിജെപിയും ആര്‍എസ്എസും നടത്തിയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെയെറിഞ്ഞ പ്രകോപനത്തിന് ശ്രമിച്ചത്.