സുരേഷ് ഗോപിയെത്തി; 20 വര്‍ഷം മുന്‍പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് മോചിപ്പിച്ച ശ്രീദേവിയെ കാണാന്‍

 | 
Suresh Gopi
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപിയെത്തി

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപിയെത്തി. പ്രസവിച്ചയുടന്‍ അമ്മ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളുമായി ആലുവ ജനസേവാ ശിശുഭവനില്‍ എത്തിക്കുകയും ചെയ്ത ശ്രീദേവി ഇപ്പോള്‍ വിവാഹിതയും നാല് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ്. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാലക്കാട് എത്തിയപ്പോഴാണ് കാവശ്ശേരിയില്‍ ശ്രീദേവിയുണ്ടെന്ന് സുരേഷ് ഗോപി അറിഞ്ഞത്.

കാവശ്ശേരിയില്‍ ഫാന്‍സ് സ്റ്റോര്‍ നടത്തുന്ന സതീഷാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. കടയുടെ പിന്നിലുള്ള മുറിയിലാണ് ഇവര്‍ താമസിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നിന്ന് വാങ്ങിയ മധുരവുമായി ഇവിടേക്ക് സുരേഷ് ഗോപി എത്തുകയായിരുന്നു. 25 വര്‍ഷം മുന്‍പ് മലപ്പുറം പൂക്കിപ്പറമ്പില്‍ കടത്തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞായിരുന്നു ശ്രീദേവി. നാടോടി സ്ത്രീയായ തങ്കമ്മ ശ്രീദേവിയെ ഏറ്റെടുക്കുകയും പിന്നീട് നാട്ടുകാരുടെ സഹായത്താലും ആക്രി പെറുക്കിയും അവര്‍ ശ്രീദേവിയെ വളര്‍ത്തി. ഇതിനിടയില്‍ മറ്റു ചില ഭിക്ഷാടകര്‍ ശ്രീദേവിയെ ഉപദ്രവിച്ചിരുന്നു.

കോഴിച്ചന്നയിലെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ കുട്ടിയുടെ ഭാവി സംബന്ധിച്ച് തങ്കമ്മയ്ക്കുണ്ടായ ആശങ്കയാണ് പിന്നീട് നടന്‍ ശ്രീരാമന്‍ വഴി സുരേഷ് ഗോപിയില്‍ എത്തിയത്. ഇവര്‍ക്ക് വീടുവെച്ചു കൊടുക്കാന്‍ അന്ന് സുരേഷ് ഗോപി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ കുട്ടിയെ ആലുവ ജനസേവാ ശിശുഭവനില്‍ എത്തിച്ചു. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭിക്ഷാകസംഘം ബഹളമുണ്ടാക്കുകയും പോലീസ് ഇടപെടുകയും ചെയ്തു. കുട്ടിയുടെ സംരക്ഷണ ചുമതല ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിന്നീട് ജനസേവാ ശിശുഭവനെ ഏല്‍പിച്ചത്. ശിശുഭവനില്‍ രാഷ്ട്രം എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ സുരേഷ് ഗോപി ശ്രീദേവിയെ കണ്ടിരുന്നു.

2015ലാണ് ശ്രീദേവിയുടെ വിവാഹം കഴിഞ്ഞത്. പത്രത്തിലെ പരസ്യം കണ്ട് വിവാഹം ആലോചിച്ചെത്തിയ സതീഷ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ശ്രീദേവിയെ വിവാഹം കഴിച്ചു. ഇതോടെ കടയുടെ പിന്നിലെ മുറിയിലേക്ക് ഇവര്‍ക്ക് താമസം മാറ്റേണ്ടി വന്നു. വാടകക്കെട്ടിടമാണ് ഇത്. നാലു വയസുള്ള ശിവാനിയാണ് ഇവരുടെ മകള്‍.