ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 29 വര്‍ഷത്തെ തടവ്; ശിക്ഷ തൃശൂരിലെ ആദ്യ പോക്‌സോ കേസില്‍

 | 
teacher
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തൊന്‍പതര വര്‍ഷത്തെ കഠിന തടവ്

തൃശൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തൊന്‍പതര വര്‍ഷത്തെ കഠിന തടവ്. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളില്‍ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി, കാരാട്ട് അബ്ദുള്‍ റഫീഖിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ നിയമം നടപ്പായതിന് ശേഷം തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണ് ഇത്.

2012ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയി തിരികെ വരുമ്പോള്‍ ബസിന്റെ പിന്‍സീറ്റില്‍ തളര്‍ന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പാവറട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണാ ഘട്ടത്തില്‍ സാക്ഷികളായിരുന്ന മറ്റ് അധ്യാപകരില്‍ പലരും കൂറുമാറിയിരുന്നു.

20 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 12 തരം രേഖകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. കഠിന തടവ് കൂടാതെ പ്രതിക്ക് രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 9 മാസം കൂടി ശിക്ഷ അനുഭവിക്കണം.