ഉദ്ദേശിച്ചത് അതായിരുന്നില്ല; വിവാദ നിയമസഭാ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് എ.എന്‍.ഷംസീര്‍, വീഡിയോ

മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഖേദപ്രകടനവുമായി എ.എന്‍.ഷംസീര്‍ എംഎല്‍എ
 | 
A N Shamseer

മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഖേദപ്രകടനവുമായി എ.എന്‍.ഷംസീര്‍ എംഎല്‍എ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഷംസീര്‍ പ്രസംഗത്തിലുണ്ടായത് നാക്കുപിഴയാണെന്ന് വ്യക്തമാക്കിയത്. നവംബര്‍ 9നായിരുന്നു സംഭവം.

ഷംസീറിന്റെ വാക്കുകള്‍

'എന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോക്ടര്‍മാരെ ആക്ഷേപിക്കുന്ന വിധത്തില്‍ തെറ്റിധാരണ ഉളവാക്കന്ന വിധത്തില്‍ ചില വാക്കുകള്‍ വന്നിട്ടുണ്ട്. എനിക്ക് ഗുരുതുല്യരായ ചില ഡോക്ടര്‍മാരും ഐഎംഎ ഭാരവാഹികളും ഇത് എന്റെ ശ്രദ്ധയില്‍പെടുത്തി. അപ്പോള്‍ത്തന്നെ നിയമസഭാ രേഖകളില്‍ നിന്ന് അത് തിരുത്താന്‍ കത്ത് നല്‍കി. എംബിബിഎസ് ബിരുദം നേടിയ ചിലര്‍ കേരളത്തില്‍ ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ പിജിയുണ്ടെന്ന് തോന്നിക്കുന്ന വിധത്തില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ചില കേസുകളും അതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലിലൂടെ അത് തടയണമെന്നാണ് ഉദ്ദേശിച്ചത്. പക്ഷേ അവതരിപ്പിക്കപ്പെട്ടു വന്നപ്പോള്‍ നാക്കുപിഴയുണ്ടായി. അത് എംബിബിഎസ് ഡോക്ടര്‍മാക്ക് വേദനയുളവാക്കിയെന്ന് മനസിലാക്കുന്നു. എന്റെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മനസുകൊണ്ടോ ഞാന്‍ ആഗ്രഹിക്കാത്ത വാക്കുകളാണ് പുറത്തു വന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ എന്റെ ഉദ്ദേശ്യശുദ്ധി എംബിബിഎസ് ഡോക്ടര്‍മാര്‍ മനസിലാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

എംബിബിഎസുകാരന്‍ എംബിബിഎസ് ചികിത്സയേ നടത്താന്‍ പറ്റൂ. ഹോസ്പിറ്റലിന് അകത്ത് എംബിബിഎസ് എന്ന ബോര്‍ഡ് വെച്ച് പീഡിയാട്രിക് ചികിത്സ നടത്തുന്നു, ഒബ്‌സ്‌ടെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ട്രീറ്റ്‌മെന്റ് നടത്തുന്നു. അങ്ങനെ പറ്റില്ലല്ലോ. ഇങ്ങനെയുള്ള കള്ളനാണയങ്ങളെ നാം തിരിച്ചറിയണം. എംബിബിഎസ് മാത്രം പഠിച്ചവര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ കൊടുക്കാന്‍ പാടില്ല എന്നായിരുന്നു ഷംസീര്‍ നിയമസഭയില്‍ പറഞ്ഞത്. ഇത് വിവാദമായ സാഹചര്യത്തിലാണ് ഖേദപ്രകടനം.

വീഡിയോ കാണാം