പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി

 | 
Jail
പൂജപ്പുര ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി കീഴടങ്ങി

പൂജപ്പുര ജയിലില്‍ നിന്ന് രക്ഷപ്പെട്ട പ്രതി കീഴടങ്ങി. കൊലക്കേസ് പ്രതിയായ തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ ആണ് കീഴടങ്ങിയത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 7നാണ് ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലില്‍ നിന്ന് പുറത്തിറക്കിയ ശേഷമാണ് ജാഹിറിനെ കാണാതായത്.

ഭാര്യയെ കാണാനാണ് താന്‍ ജയിലില്‍ നിന്ന് ചാടിയതെന്നാണ് ജാഹിര്‍ മൊഴി നല്‍കിയത്. ഭാര്യക്കും മകനും ഒപ്പമാണ് ഇയാള്‍ കീഴടങ്ങാന്‍ കോടതിയില്‍ എത്തിയത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരവെയാണ് അപ്രതീക്ഷിതമായി കോടതിയില്‍ ഹാജരായത്. ജയിലിനുള്ളില്‍ തടവുകാരെ നിയന്ത്രിക്കാന്‍ അധികൃതര്‍ നിയോഗിച്ച മേസ്തിരിമാരില്‍ ഒരാളായിരുന്നു ജാഹിര്‍. ഉദ്യോഗസ്ഥര്‍ക്ക് വിശ്വസ്തരായവരെയാണ് മേസ്തിരിയായി നിയോഗിക്കാറുള്ളത്.

ജയിലിലെ അലക്കു കേന്ദ്രത്തിലെ ജോലിക്കിടെയാണ് ഇയാള്‍ മുങ്ങിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു തടവുകാരനും ജയില്‍ ഉദ്യോഗസ്ഥനും ഭക്ഷണശാലയിലേക്ക് പോയ അവസരം മുതലെടുത്താണ് ജാഹിര്‍ ജയില്‍ ചാടിയത്. പിന്നീട് കയ്യിലുണ്ടായിരുന്ന വസ്ത്രം മാറി തമ്പാനൂരിലേക്ക് പോകുകയും അവിടെ നിന്ന് ബസില്‍ കളിയിക്കാവിള ഭാഗത്തേക്ക് പോകുകയുമായിരുന്നു.

ചാലയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ 2017 ജൂണ്‍ 15-നാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കായല്‍പട്ടണം സ്വദേശിയായ ഷംസുദ്ദീനെയാണ് ജാഹിര്‍ കൊലപ്പെടുത്തിയത്.