ഇടുക്കിയില്‍ കാണാതായ യുവതിയുടെ മൃതദേഹം ഒപ്പം താമസിച്ചയാളുടെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍

കാണാതായ യുവതിയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍. തങ്കമണി സ്വദേശി സിന്ധുവിന്റെ(45) മൃതദേഹമാണ് പണിക്കന്‍കുടി സ്വദേശി ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ബിനോയി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം 12നാണ് സിന്ധുവിനെ കാണാതായത്.
ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയില്‍ മകനുമായി വാടകയ്ക്ക് താമസിച്ചിരുന്ന സിന്ധു പിന്നീട് ബിനോയിയുമായി പരിചയത്തിലാകുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. സിന്ധുവിനെ കാണാതായതോടെ അമ്മ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ബിനോയിയെയും കാണാതായി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബിനോയി അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്നാണ് കരുതുന്നത്.
അടുത്തിടെ സിന്ധുവും ബിനോയിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ബിനോയി സിന്ധുവിനെ മര്‍ദ്ദിച്ചിരുന്നതായും യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സിന്ധുവിനെ കാണാതായതിന് ശേഷം ബിനോയിയുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയതാണ് പരാതി നല്‍കാന്‍ കാരണം.