തിരുവനന്തപുരത്ത് നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

 | 
Aditya

തിരുവനന്തപുരം ആര്യനാട്ട് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് അണയിലക്കര സ്വദേശി മിഥുന്റെ ഭാര്യ ആദിത്യ (24) ആണ് മരിച്ചത്. മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മിഥുന്‍ രാവിലെ ജോലിക്ക് പോയതിന് ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്.

ജോലിക്ക് പോകുന്നതിന് മുന്‍പ് ആദിത്യയും മിഥുനും സൗഹൃദത്തോടെ സംസാരിച്ചിരുന്നുവെന്നും ഇരുവരും തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മിഥുന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇതിനായി ആദിത്യ കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിലേക്ക് പോയ ആദിത്യയെ കാണാതെ വന്നപ്പോള്‍ മിഥുന്റെ മാതാവ് മുറിയില്‍ അന്വേഷിച്ചെത്തി.

വിളിച്ചെങ്കിലും കതക് തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കതക് പൊളിച്ച് അകത്തു കയറിയപ്പോഴാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.