കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ വര്‍ഗ്ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമമെന്ന റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

 | 
pinarayi vijayan
പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി. ഇത്തരത്തിലുള്ള ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാരിന് ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങളാണ് ചോദ്യം ഉന്നയിച്ചത്.

സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പിലായിരുന്നു വിവാദ പരാമര്‍ശം. പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.

സംസ്ഥാനത്ത് വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിക്കുന്നതായി മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വര്‍ഗീയതയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊതുവില്‍ സമാധാനാന്തരീക്ഷമാണുള്ളത്. അതേസമയം, ഇത്തരം നീക്കങ്ങള്‍ തടയാന്‍ ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ നല്‍കി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് തടയാന്‍ രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.