'നേതൃത്വത്തിന്റെ അവസ്ഥ പരിതാപകരം'; വയനാട് മുന്‍ ഡിസിസി പ്രസിഡന്റ് കോണ്‍ഗ്രസ് വിട്ടു

 | 
PV Balachandran
കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്

കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി വയനാട് മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന പി.വി.ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. ദിശാബോധം നഷ്ടപ്പെട്ട നേതാക്കള്‍ക്കൊപ്പം ജനങ്ങള്‍ നില്‍ക്കില്ല. അതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയവും ഇടതുപക്ഷത്തിന്റെ വിജയവുമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു.

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ന്യൂനപക്ഷ സമുദായവും ഭൂരിപക്ഷ സമുദായവും കോണ്‍ഗ്രസില്‍ നിന്നകലുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ കാര്യം ഏറെ പരിതാപകരമാണ്. ഒരു വിഷയത്തിലും കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല.

അണികള്‍ക്ക് ആത്മവിശ്വാസമോ പ്രതീക്ഷയോ നല്‍കാന്‍ നേതൃത്വത്തിന് ആയിട്ടില്ല. പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനാകില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നും പി.വി.ബാലചന്ദ്രന്‍ വ്യക്തമാക്കി.