സിപിഎമ്മും പാലാ ബിഷപ്പും പറഞ്ഞത് ഒരേ കാര്യങ്ങള്‍; വീണ്ടും ലേഖനവുമായി ദീപിക
സിപിഎം കുറിപ്പും പാലാ ബിഷപ്പും പറഞ്ഞത് ഒരേ കാര്യങ്ങളെന്ന് ദീപിക ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞുകൊണ്ട് മൂടിവെയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് ബിഷപ്പ് പറഞ്ഞതെന്നും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അകത്ത് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നേതാക്കള്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്. തീവ്രവാദത്തിലേക്കും വര്‍ഗീയതയിലേക്കും യുവാക്കളെ ആകര്‍ഷിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന പരാമര്‍ശവും കുറിപ്പിലുണ്ടായിരുന്നു.
'മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ആദ്യപ്രതികരണങ്ങള്‍ ബിഷപ്പ് എന്തോ അപരാധം ചെയ്തു എന്ന നിലയിലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞുകൊണ്ട് മൂടിവെക്കാന്‍ ശ്രമിച്ച യാഥാര്‍ത്ഥ്യമാണ് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് എന്നാണ് ഇപ്പോള്‍ കേരള ജനത മനസിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സി.പി.ഐ.എം കേരളത്തിലാകമാനം അടിത്തറയുള്ളതും ജനകീയ ബന്ധമുള്ളതുമായ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്നത് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഘടകങ്ങളും വിവര ശേഖരണത്തിന് വിപുലമായ സംവിധാനവും സി.പി.ഐ.എമ്മിനുണ്ട്. അത്തരമൊരു പാര്‍ട്ടി അതിന്റെ സമ്മേളനത്തിന്റെ ചര്‍ച്ചയ്ക്കായി തയ്യാറാക്കി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലേ പാലാ ബിഷപ്പും ചൂണ്ടിക്കാട്ടിയതെന്ന് ദീപിക ലേഖനത്തില്‍ ചോദിക്കുന്നു.
മന്ത്രി വാസവന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനവും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ നടത്തിയ പ്രതികരണവും സിപിഎം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുവെന്ന സൂചനയാണ നല്‍കുന്നത്. വി.ഡി.സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുകയാണെന്നും പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷികളുടെയും നിലപാടുകളാണ് ഇനി പരിശോധിക്കേണ്ടെന്നും ദീപിക പറയുന്നു.