സിപിഎം നേതാവ് സന്ദീപിന്റെ കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന പോലീസ് വാദം തള്ളി സിപിഎം

 | 
Sandeep

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന പോലീസ് വാദം തള്ളി സിപിഎം. സന്ദീപിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ജിഷ്ണുവിന് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജിഷ്ണുവിന്റെ അമ്മയ്ക്ക് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലുണ്ടായിരുന്ന ജോലി നഷ്ടപ്പെടാന്‍ കാരണം സന്ദീപ് ആയിരുന്നെന്നും ഇതേത്തുടര്‍ന്ന് ഇവര്‍ക്കിടിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു.

എന്നാല്‍ ഇത് പോലീസ് സൃഷ്ടിച്ച കഥയാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. സനല്‍കുമാര്‍ പറഞ്ഞു. ജിഷ്ണുവിന്റെ മാതാവിനെ ജോലിയില്‍ നിന്ന് ആരും ഒഴിവാക്കിയിട്ടില്ലെന്നും അവര്‍ ഇപ്പോഴും അവിടുത്തെ താല്‍ക്കാലിക ജീവനക്കാരിയാണെന്നാണ് കരുതുന്നതെന്നും സനല്‍കുമാര്‍ വ്യക്തമാക്കി. ജോലി കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുള്ളത് സിഡിഎസ് ആണ്. ജോലി കൊടുക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടോ എന്ന് പാര്‍ട്ടിക്ക് അറിയില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു.

കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. മുഖ്യപ്രതിയായ ജിഷ്ണു യുവമോര്‍ച്ച നേതാവായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായ മറ്റു പ്രതികള്‍.