ജോജുവിന്റെ കാര്‍ തകര്‍ത്തത് കോണ്‍ഗ്രസ്സിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ

 | 
DYFI

കൊച്ചിയില്‍ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവം കോണ്‍ഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവെന്ന് ഡിവൈഎഫ്‌ഐ. കെ.സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒരു ഗുണ്ടാസംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണ് ഇതെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ധനവില വര്‍ദ്ധനവിനെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് ധാര്‍മ്മികമായ അവകാശമില്ല. രണ്ടാം യുപിഎ സര്‍ക്കാരാണ് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്.

സമരങ്ങള്‍ ജനങ്ങളെ വലയ്ക്കണം എന്ന ലക്ഷ്യത്തോടെ ആകരുത്. കൊച്ചിയില്‍ കണ്ടത് തനി ഗുണ്ടായിസമായിരുന്നു. ജോജു മദ്യപിച്ചിരുന്നു, അയാള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്നൊക്കെയായിയുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം. ഇത് നിരുത്തരവാദപരമാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

പ്രസ്താവന വായിക്കാം

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവം കോണ്‍ഗ്രസ്സിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവ്. ശ്രീ കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ഒരുഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്‌കാരത്തെ നേരിടണം. ഇന്ധനവില വര്‍ദ്ധനവിനെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് ധാര്‍മ്മികമായ അവകാശമില്ല.

ദിനം പ്രതി ഇന്ധന വില വര്‍ദ്ധിക്കാന്‍ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതാണ്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരാണ് കോര്‍പ്പറേറ്റുകള്‍ക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തത്. ഇതിന് പുറമെയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന പ്രത്യേക നികുതികള്‍. വര്‍ധിച്ച ഈ നികുതി പിരിവിന് കരണമാകുന്നതാകട്ടെ, കോര്‍പ്പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്ന വന്‍ നികുതി ഇളവുകളാണ്. അതി സമ്പന്നര്‍ക്ക് നികുതി ഇളവ് ചെയ്യുന്നു, അവരുടെ കടങ്ങള്‍ എഴുതി തള്ളുന്നു. പകരം ജനങ്ങളില്‍ നിന്നും ഇന്ധന നികുതി അധികം ഈടാക്കുന്നു.

ഈ നയം 1991 ല്‍ കോണ്‍ഗ്രസ്സ് ആരംഭിച്ചതിന്റെ തുടര്‍ച്ചയാണ്. ഈ നിമിഷം വരെ ഈ ജനവിരുദ്ധനയം നടപ്പിലാക്കിയതില്‍ കോണ്‍ഗ്രസ്സ് പശ്ചാത്തപിച്ചു കണ്ടില്ല. മോദി അതിവേഗം തുടരുന്ന, കോണ്‍ഗ്രസ്സ് തുടങ്ങി വച്ച നയത്തിനെതിരെ കോണ്‍ഗ്രസ്സ് തെരുവില്‍ പ്രതിഷേധിക്കുന്ന രസകരമായ കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

ഇനി ഇന്നത്തെ പ്രതിഷേധ സംഭവത്തിലേക്ക് വരാം. കൊച്ചിയില്‍ യാത്രക്കാരെ പൂര്‍ണമായും വലച്ചും, ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമായ റോഡ് ഉപരോധത്തിനാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയത്. കണ്ട ദൃശ്യങ്ങളില്‍, ജോജു ആവശ്യപ്പെട്ടത്, സമരത്തിന് എതിരല്ല, ഇങ്ങനെയല്ലല്ലോ നടത്തേണ്ടത്. ഒരു വശത്തു കൂടെയുള്ള ഗതാഗതം എങ്കിലും തടസ്സപ്പെടുത്തരുത് എന്നാണ്. അത് ന്യായവുമാണ്.

ഇന്ധന വില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ ഇക്കഴിഞ്ഞ മാസം അഞ്ചു ദിവസത്തെ ധര്‍ണ്ണാ സമരം നടത്തി. അവസാന ദിവസം ചക്ര സ്തംഭന സമരം നടത്തി. അഞ്ചു മിനിറ്റ് ദൈര്‍ഘ്യം മാത്രമായിരുന്നു സമരം. തന്നെയുമല്ല നേരത്തെ പ്രഖ്യാപിച്ചു. പ്രതീകാത്മകമാണ് ഇത്തരം സമരങ്ങള്‍. ജനങ്ങളെ വലയ്ക്കണം എന്ന ലക്ഷ്യത്തോടെ അകരുത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സംയുക്ത തൊഴിലാളി യൂണിയനുകള്‍ റോഡ് ഉപരോധിച്ചു.
 
അതും ഇതുപോലെ കുറച്ചു നിമിഷങ്ങള്‍ മാത്രമായിരുന്നു സമരം. കൊച്ചിയില്‍ കണ്ടത് തനി ഗുണ്ടായിസമായിരുന്നു. ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്തു. അദ്ദേഹത്തിനു നേര്‍ക്ക് ആക്രമണം ഉണ്ടായി. ഇത് ഗുണ്ടായിസമാണ്. സംഭവത്തോട് പ്രതികരിച്ച കെസുധാകരനാകട്ടെ, നിരുത്തരവാദപരമായിട്ടാണ് സംസാരിച്ചത്. ജോജു മദ്യപിച്ചിരുന്നു, അയാള്‍ സ്ത്രീകളോട് മോശമായി പെരുമാറി എന്നൊക്കെയായിയുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം. എത്ര നിരുത്തരവാദപരമാണ് ഈ പ്രസ്താവന. സുധാകരന്‍ കള്ളംപറയുകയാണ് എന്ന് ദൃശ്യങ്ങള്‍ കണ്ട ഏതൊരാള്‍ക്കും ബോധ്യമാകും.

കോണ്‍ഗ്രസ്സുകാര്‍ നടത്തിയ ഗുണ്ടായിസത്തിന് പ്രോത്സാഹനം നല്‍കുകയാണ്. ഇനിയും ഇങ്ങനൊയൊക്കെ ഞങ്ങള്‍ ചെയ്യും എന്ന് വെല്ലുവിളിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല.