ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

 | 
High Court
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി അടുത്തിടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതി പറഞ്ഞു. 

അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികള്‍ പരാതിപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിച്ചതായി കാണിച്ച് 228 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 25 എണ്ണത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇതു ഞെട്ടിക്കുന്ന കണക്കാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഡിജിപി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകരുതെന്നാണ് കോടതി നിര്‍ദേശിച്ചത്.