കൊച്ചി കോര്‍പറേഷനില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി
കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 1 മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സുമുണ്ടെങ്കില്‍ മാത്രമേ വഴിയോരക്കച്ചവടം നടത്താന്‍ കഴിയൂ. വഴിയോരക്കച്ചവടം നടത്തിയിരുന്നവരുടെ പുനരധിവാസം സംബന്ധിച്ച കേന്ദ്രനിയമം എത്രയും വേഗം നടപ്പാക്കാന്‍ കോടതിയുടെ നിര്‍ദേശം.
അര്‍ഹരായവര്‍ക്ക് നവംബറില്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വഴിയോരക്കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്. ഇതുവരെ അപേക്ഷ നല്‍കാത്ത, പുനരധിവാസത്തിന് അര്‍ഹരായ വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷ നിര്‍ദിഷ്ട കമ്മറ്റി മുന്‍പാകെ സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കി. ഉത്തരവ് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കലക്ടറെയും സിറ്റി പൊലീസ് കമ്മിഷണറെയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു.
അതേസമയം അര്‍ഹരെന്നു കണ്ടെത്തിയ 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി കോര്‍പറേഷന്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ അപേക്ഷ നല്‍കിയ 927 പേരുടെ അപേക്ഷകള്‍ കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനനുസരിച്ച് അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യുമെന്നും കോര്‍പറേഷന്‍ കോടതിയില്‍ വ്യക്തമാക്കി.