വിവാഹത്തിന് ആവശ്യപ്പെടാതെ വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമാകില്ലെന്ന് ഹൈക്കോടതി

 | 
Dowry


 
മറ്റാരും ആവശ്യപ്പെടാതെ വധുവിന് വിവാഹത്തിന് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ചട്ടപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും വീട്ടുകാര്‍ നല്‍കുന്നതുമായ സമ്മാനങ്ങള്‍ സ്ത്രീധനമാകില്ല. അതിനാല്‍ ഇത് സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി. വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ മറ്റാരെങ്കിലുമാണ് കൈപ്പറ്റുന്നതെങ്കില്‍ അത് നിയമത്തിന്റെ പരിധിയില്‍ വരികയും സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ഇടപെടാന്‍ കഴിയുമെന്നും ജസ്റ്റിസ് എം.ആര്‍.അനിത വ്യക്തമാക്കി.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വിഷ്ണുവിന്റെ ഭാര്യയുടെ പരാതിയില്‍ കോല്ലം സ്ത്രീധന നിരോധന ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു ഹര്‍ജി. വീട്ടുകാര്‍ തനിക്ക് നല്‍കിയ സ്വര്‍ണ്ണം ഭര്‍ത്താവിന്റെ കൈവശമാണെന്നും അത് തിരികെ വേണമെന്നുമായിരുന്നു ഭാര്യയുടെ പരാതി. സ്വര്‍ണ്ണം തിരികെ നല്‍കാനായിരുന്നു ഓഫീസര്‍ ഉത്തരവിട്ടത്. ഇതിനെതിരെ വിഷ്ണു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

55 പവന്‍ ആഭരണങ്ങള്‍ തനിക്കും ഭര്‍ത്താവിന് മാലയും നല്‍കിയെന്നായിരുന്നു ഭാര്യ പറഞ്ഞത്. എന്നാല്‍ ആഭരണങ്ങള്‍ സമ്മാനമായി ലഭിച്ചതാണോയെന്ന് ഓഫീസറുടെ ഉത്തരവില്‍ വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധനമാണെന്ന് ഉറപ്പില്ലാതെ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു.