സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയ കോഫെപോസെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി

 | 
Swapna
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപന സുരേഷിനെതിരെ ചുമത്തിയ കോഫെപോസെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപന സുരേഷിനെതിരെ ചുമത്തിയ കോഫെപോസെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് കോടതിയുടെ നടപടി. സ്വപ്‌നയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് വിധി. അതേസമയം സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചു. കോഫെപോസെ ചുമത്താന്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ക്ക് തെളിവുകളും രേഖകളും ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്ന സ്വപ്‌നയുടെ അമ്മ കുമാരി പ്രഭയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നത് മൊഴി മാത്രമാണെന്നും അതിനുള്ള തെളിവുകള്‍ ഇല്ലെന്നുമായിരുന്നു വാദം. അതുകൊണ്ടുതന്നെ സ്ഥിരമായി കള്ളക്കടത്ത് നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പുകള്‍ അനുസരിച്ച് സ്വപ്നയെ തടവിലിടാന്‍ കഴിയില്ലെന്ന വാദം കോടതി അംഗീകരിച്ചു. മുന്‍പ് കള്ളക്കടത്ത് നടത്തിയതിന് സ്വപ്‌നയ്‌ക്കെതിരെ കേസുകള്‍ ഇല്ലാത്തതാണ് വകുപ്പുകള്‍ റദ്ദാക്കാന്‍ കാരണം. അതേസമയം എന്‍ഐഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്‌നയ്ക്ക് ജയില്‍ മോചിതയാകാനാകില്ല.

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ തുടര്‍ച്ചയായി ഇടപെട്ടെന്നും, ഇനിയും കള്ളക്കടത്തില്‍ ഏര്‍പ്പെട്ടേക്കമെന്നുമുള്ള  കസ്റ്റംസ് ശുപാര്‍ശയിലായിരുന്നു സ്വപ്ന സുരേഷിനെ കൊഫെപോസ ബോര്‍ഡ് 1 വര്‍ഷത്തെ കരുതല്‍ തടങ്കലിന് ശിക്ഷിച്ചത്. എന്നാല്‍, കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷിന്റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ചുമത്തിയ യുഎപിഎ വകുപ്പ് ചോദ്യം ചെയ്ത് സ്വപ്‌ന നല്‍കിയ ഹര്‍ജി ഈ മാസം 22ന് പരിഗണിക്കും. സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ ഒരു വര്‍ഷം കൂടി നീട്ടാന്‍ കസ്റ്റംസ് ശ്രമം നടത്തുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.