പ്രചാരണം വാസ്തവ വിരുദ്ധം; ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്ന് നടന്‍ രാഘവന്‍

ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വാസ്തവ വിരുദ്ധമെന്ന് നടന്‍ രാഘവന്‍. വ്യാജ പ്രചാരണങ്ങളില്‍ വിഷമമുണ്ടെന്നും ആരുടെയും കാരുണ്യത്തിലല്ല താന്‍ ജീവിക്കുന്നതെന്നും രാഘവന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സെയ്ല്‍ഫ് മെയ്ഡ് വ്യക്തിയാണ് ഞാന്‍. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു.
ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു. എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ലെന്ന് രാഘവന്‍ വ്യക്തമാക്കി. നിലവില്‍ തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിച്ചു വരുന്നു.
ഞാന്‍ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. എനിക്ക് നിലവില്‍ യാതൊരു സാമ്പത്തിക പ്രശ്നങ്ങളുമില്ല. എനിക്ക് പറ്റാവുന്നേടത്തോളം കാലം അഭിനയിക്കുമെന്നും രാഘവന്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവ് ജോളി ജോസഫിന്റെ ഫെയിസ്ബുക്ക് പോസ്റ്റാണ് പ്രചാരണത്തിന് കാരണമായത്.
മകന്‍ ജിഷ്ണുവിന്റെ മരണത്തിന് ശേഷം മാനസികമായും സാമ്പത്തികമായും തകര്‍ന്ന നിലയിലാണ് രാഘവന്റെ കുടുംബം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി 150ഓളം സിനിമകളില്‍ അഭിനയിച്ച രാഘവന്‍ ഇന്ന് സിനിമാ-സീരിയല്‍ രംഗത്ത് അവസരങ്ങള്‍ തേടുകയാണെന്നും പ്രായമായ കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഇത്തരക്കാരെക്കൂടി പരിഗണിക്കണമന്നുമായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവിധ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് രാഘവന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.