ഐഎഎസ് വിജയിക്കാന്‍ ജോത്സ്യന്‍ നല്‍കിയ തങ്കഭസ്മം കഴിച്ച വിദ്യാര്‍ത്ഥിക്ക് കാഴ്ച കുറഞ്ഞു

 | 
Jolsyan
കണ്ണൂര്‍: ഐഎഎസ് വിജയിക്കാന്‍ ജോത്സ്യന്‍ നല്‍കിയ തങ്കഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ച കുറഞ്ഞതായി പരാതി

കണ്ണൂര്‍: ഐഎഎസ് വിജയിക്കാന്‍ ജോത്സ്യന്‍ നല്‍കിയ തങ്കഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ച കുറഞ്ഞതായി പരാതി. കണ്ണൂര്‍ കൊറ്റാളി സ്വദേശി മൊബിന്‍ ചന്ദ് എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെതിരെയാണ് പരാതി. ഭാവിയില്‍ മകന്‍ ഐ.എ.എസ് പാസാകാന്‍ തങ്കഭസ്മം പാലില്‍ കലക്കി കുടിക്കാനും വിദേശ ലക്ഷ്മി യന്ത്രം വാങ്ങി വീട്ടില്‍ സൂക്ഷിക്കാനും ജോത്സ്യന്‍ ഉപദേശിച്ചതായും ഗരുഡ രത്നത്തിന് 10 ലക്ഷവും ഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷ്മി യന്ത്രത്തിന് 50,000 രൂപയും ഇയാള്‍ കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു.

വീടിന്റെ കുറ്റി അടിക്കാനുള്ള മുഹൂര്‍ത്തം നോക്കാനാണ് മൊബിന്‍ ചന്ദ് ആദ്യമായി കണ്ണാടപ്പറമ്പിലെ ജ്യോതിഷാലയത്തില്‍ പോയത്. പിന്നീട് ജോത്സ്യന്‍ വീട്ടില്‍ നിരന്തരം വരികയും താന്‍ വാഹനാപകടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുകയും ചെയ്തു. ഇക്കാര്യം പറഞ്ഞു വീട്ടുകാരെയും ഭയപ്പെടുത്തി. തുടര്‍ന്ന് ആദിവാസികളുടെ അടുത്ത് നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം 10 എണ്ണം വാങ്ങി സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മൊബിന്‍ നല്‍കിയ ഹരജി പരിഗണിച്ച് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിക്കും മൊബിന്‍ പരാതി നല്‍കിയിട്ടുണ്ട്.