നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു
പാലക്കാട്: നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ്‌മോന്‍ (36) ആണ് മരിച്ചത്. നെല്ലിയാമ്പതി കുണ്ടറച്ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. നെല്ലിയാമ്പതിയില്‍ നിന്ന് മടങ്ങിയ സംഘത്തിലുണ്ടായിരുന്ന ജയ്‌മോന്‍ വെള്ളച്ചാട്ടത്തിലെ പാറയില്‍ പിടിച്ചു കയറുന്നതിനിടെ കാല്‍ തെന്നി താഴേക്ക് പതിക്കുകയായിരുന്നു.
പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തു നിന്നുമായി മൂന്ന് പേരാണ് കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് മടങ്ങുമ്പോള്‍ വെള്ളച്ചാട്ടം കണ്ട് വാഹനം നിര്‍ത്തി വീഡിയോ എടുക്കുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ജെയ്‌മോന്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്. ഇയാള്‍ പാറയില്‍ പിടിച്ചു കയറുന്നതിന്റെയും തെന്നി വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പിന്നീട് ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും നെന്മാറയില്‍നിന്നും നെല്ലിയാമ്പതിയില്‍നിന്നും പോലീസ് സംഘങ്ങളും എത്തി നടത്തിയ തെരച്ചിലിലാണ് ജെയ്‌മോന്റെ മൃതദേഹം കണ്ടെത്തിയത്.