മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്കായി യൂത്ത് കോണ്‍ഗ്രസിന് പ്രത്യേക നിലപാടില്ല; ദീപികയ്ക്ക് ശബരിനാഥന്റെ മറുപടി

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് മുഖപ്രസംഗമെഴുതിയ ദീപിക പത്രത്തിന് മറുപടിയുമായി കെ.എസ്,.ശബരീനാഥന്‍
 | 
Sabarinathan
പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ എന്ന പരാമര്‍ശത്തിനാണ് മറുപടി

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് മുഖപ്രസംഗമെഴുതിയ ദീപിക പത്രത്തിന് മറുപടിയുമായി കെ.എസ്,.ശബരീനാഥന്‍. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ എന്ന പരാമര്‍ശത്തിനാണ് മറുപടി. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്ന് ഫെയിസ്ബുക്ക് കുറിപ്പില്‍ ശബരീനാഥന്‍ എഴുതി. 

കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ എന്നായിരുന്നു മുഖപ്രസംഗത്തില്‍ ദീപിക എഴുതിയത്. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. 

പാലാ ബിഷപ്പിന്റെ ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ നേരത്തേ പാലായിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അനുകൂലിച്ചിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിലപാടല്ല ഇതെന്ന് തൊട്ടുപിന്നാലെ സംസ്ഥാന നേതൃത്വം പ്രസ്താവനയിറക്കുകയും ചെയ്തു. ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി.തോമസും രംഗത്തെത്തിയിരുന്നു. 

ശബരീനാഥന്റെ പോസ്റ്റ് വായിക്കാം

ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.

ദീപികയിലെ വരികൾ ഇതാണ് - "........ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോൺഗ്രസുകാരെ വിമർശിക്കുവാൻ ശബരീനാഥൻ അടക്കമുള്ള നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥൻ അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ"

പത്രത്തിന്റെ അറിവിലേക്കായി പറയുന്നു - യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.