റമ്പൂട്ടാനിലും അടയ്ക്കയിലും നിപയില്ല; ഇനി ലഭിക്കാനുള്ളത് കാട്ടുപന്നിയുടെ സാമ്പിള്‍ ഫലം

 | 
Nipah
നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്തു നിന്ന് ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്തു നിന്ന് ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവ്. റമ്പൂട്ടാന്‍ പഴം, അടയ്ക്ക എന്നിവയുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. വവ്വാലുകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സാമ്പിളുകള്‍ നേരത്തേ നെഗറ്റീവ് ആയിരുന്നു. ഇനി കാട്ടുപന്നിയുടെ സാമ്പിള്‍ ഫലമാണ് ലഭിക്കാനുള്ളത്.

കാട്ടുപന്നിയുടെ ഫലം ഭോപ്പാല്‍ വൈറോളജി ലാബില്‍ നിന്നാണ് ഇനി ലഭിക്കേണ്ടത്. മറ്റു സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധനയ്ക്ക് അയച്ചത്. നിപ ബാധിച്ച് മരിച്ച കുട്ടി വീടിന് സമീപത്തെ റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് പഴം കഴിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പഴത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.

പ്രദേശത്ത് പഴംതീനി വാവലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വീട്ടിലെ ആടുകളുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് ആദ്യഘട്ടത്തില്‍ തന്നെ അയച്ചിരുന്നു.