ഗോള്‍വാള്‍ക്കറും സവര്‍ക്കറും വന്നതില്‍ അപാകതയില്ല; സിലബസില്‍ കാവിവത്കരണം ഇല്ലെന്ന് കണ്ണൂര്‍ വിസി

 | 
Kannur-uty
പിജി സിലബസില്‍ ഗോള്‍വാള്‍ക്കറും സവര്‍ക്കറും വന്നതില്‍ അപാകതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍

പിജി സിലബസില്‍ ഗോള്‍വാള്‍ക്കറും സവര്‍ക്കറും വന്നതില്‍ അപാകതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. സിലബസ് മരവിപ്പിക്കില്ലെന്നും സിലബസില്‍ കാവിവത്കരണമില്ലെന്നും വിസി പറഞ്ഞു. എന്നാല്‍ സിലബസ് പൂര്‍ണ്ണമല്ലെന്ന് വ്യക്തമാക്കിയ വൈസ് ചാന്‍സലര്‍ രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും അറിയിച്ചു. 

സമിതി 5 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. വിവാദം ഉയര്‍ന്നതോടെ സിലബസ് സര്‍വകലാശാല താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. വന്‍ പ്രതിഷേധമാണ് ഇക്കാര്യത്തില്‍ ഉയരുന്നത്. എംഎ പൊളിറ്റിക്‌സ് സിലബസിലാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറിന്റെയും കൃതികള്‍ സര്‍വകലാശാല ഉള്‍പ്പെടുത്തിയത്. 

വിവാദം ഉയര്‍ന്നതോടെ സിലബസിനെ ന്യായീകരിച്ച് വിസി രംഗത്തെത്തിയിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്. സവര്‍ക്കറും, എംഎസ് ഗോള്‍വാര്‍ക്കറും അടിത്തറയിട്ട ആശയത്തിലാണ് ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വിസി പറഞ്ഞത്. 

സിലബസില്‍ ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയതിനെ അനുകൂലിച്ച് എസ്എഫ്ഐ നേതൃത്വത്തിലുള്ള സര്‍വകലാശാലാ യൂണിയനും രംഗത്തെത്തി. സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠിക്കണം. ഇതെല്ലാം പഠിച്ചിട്ട് വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണമെന്നതാണ് യൂണിയന്റെ നിലപാടെന്ന് യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസ്സന്‍ പറഞ്ഞു.