വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ നല്‍കി കള്ളന്‍; പൊരുത്തപ്പെട്ട് തരണമെന്ന് കത്ത്

 | 
Gold
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ നല്‍കി കള്ളന്‍

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ നല്‍കി കള്ളന്‍. കോഴിക്കോട് ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടമായ ഏഴരപ്പവന്‍ സ്വര്‍ണ്ണവും ക്ഷമ ചോദിച്ചുകൊണ്ടുള്ള കത്തും ലഭിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളുടെ വീട്ടില്‍ നിന്ന് ഇങ്ങനെ ഒരു സ്വര്‍ണ്ണാഭരണം അറിയാതെ ഞാന്‍ എടുത്തു പോയി. അതിന് പകരമായി ഇത് നിങ്ങള്‍ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

2012ല്‍ റസാഖിന്റെ ഭാര്യ ബുഷ്‌റയുടെ സ്വര്‍ണ്ണമാണ് കാണാതായത്. വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കുന്ന ഈ മാല ഒരിക്കല്‍ നോക്കിയപ്പോള്‍ അലമാരയില്‍ കാണാനില്ലായിരുന്നു. വീട്ടില്‍ അരിച്ചു പെറുക്കിയെങ്കിലും കിട്ടിയില്ല. മാല എവിടെയെങ്കിലും വീണു പോയതായിരിക്കുമെന്ന് കരുതി. വീട്ടില്‍ മോഷണം നടന്നതിന്റെ ലക്ഷണങ്ങളും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ പോലീസില്‍ പരാതിയും നല്‍കിയില്ല. സംഭവം പിന്നീട് മറന്നു പോകുകയും ചെയ്തു. 

കഴിഞ്ഞ ദിവസം ബുഷ്‌റ ജനാലയ്ക്കരികില്‍ ഒരു കടലാസ് പൊതി കണ്ടു. ഒരു വടികൊണ്ട് തട്ടി തുറന്നു നോക്കിയപ്പോഴാണ് മാല കണ്ടത്. നഷ്ടപ്പെട്ട മാല 8 പവനുണ്ടായിരുന്നുവെന്ന് ബുഷ്‌റ പറഞ്ഞു. പക്ഷേ ഏഴര പവന്‍ മാത്രമാണ് കള്ളന്‍ തിരികെ കൊണ്ടു വെച്ചത്.