തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ്; ഒരാള്‍ പിടിയില്‍

 | 
Biju
കോര്‍പറേഷന്‍ ഓഫീസിലെ നികുതി വെട്ടിപ്പില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ ഓഫീസിലെ നികുതി വെട്ടിപ്പില്‍ ഒരാള്‍ പിടിയില്‍. ശ്രീകാര്യം സോണല്‍ ഓഫീസില്‍ അറ്റന്‍ഡന്റായ ബിജുവാണ് അറസ്റ്റിലായത്. കേസില്‍ പിടിയിലാകുന്ന ആദ്യ പ്രതിയാണ് ബിജു. നികുതി വെട്ടിപ്പില്‍ സസ്‌പെന്‍ഷനിലായിരുന്ന ഇയാള്‍ ഒളിവില്‍ പോയിരുന്നു. കല്ലറയില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വീട് നികുതി അടക്കം വിവിധ ഇനങ്ങളില്‍ ജനങ്ങള്‍ അടച്ച നികുതി പണം നഗരസഭാ അക്കൗണ്ടിലേക്ക് അടയ്ക്കാതെ തിരിമറി നടത്തിയെന്നാണ് കേസ്. നഗരസഭ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ശ്രീകാര്യം, ആറ്റിപ്ര, നേമം എന്നീ മൂന്ന് സോണല്‍ ഓഫീസുകളിലാണ് വെട്ടിപ്പ് നടന്നത്.

ഏകദേശം 33 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നത്. ശ്രീകാര്യം സോണല്‍ ഓഫീസില്‍ മാത്രം ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നും കണ്ടെത്തിയിരുന്നു.