ഇതൊരു നല്ല തുടക്കം; ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തെ പിന്തുണച്ച് മുരളി തുമ്മാരുകുടി

 | 
Thummarukudy

ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്ന കാര്യം കോവിഡ് തീര്‍ന്നതിന് ശേഷം പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് മുരളി തുമ്മാരുകുടി. ഇതൊരു (നല്ല) തുടക്കം മാത്രമെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ തുമ്മാരുകുടി പറഞ്ഞു. ഐടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് പറഞ്ഞത്.

ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വരുന്ന കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി പബ്ബുകള്‍ ഇല്ലെന്നത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഹരിക്കാനായി പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് മുന്‍പ് ആലോചനയുണ്ടായി. പിന്നീട് കോവിഡ് ആരംഭിച്ചതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകളും പബ്ബുകളും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് വായിക്കാം

ഇതൊരു (നല്ല) തുടക്കം മാത്രം
എല്ലാ ഗ്രാമത്തിലും ഓരോ കോ വര്‍ക്കിംഗ്-കോ ലേര്‍ണിംഗ് സ്‌പേസുകള്‍.
അവിടെ ഓരോയിടത്തും ഇരുന്ന് ലോകത്ത് എവിടെയുമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍
അവിടെയിരുന്നു ലോകത്തെ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകള്‍ ചെയ്യുന്നവര്‍
അവിടെ ഒക്കെ ഓരോ കഫേ
കഫേയില്‍ കപ്പൂച്ചിനോയും ബിയറും മിന്റ് ലെമണേഡും
അതൊക്കെയുണ്ടാക്കുന്ന ഒരു അന്തരീക്ഷം
അതുകണ്ട് കേരളത്തില്‍ ഇരുന്ന്  ജോലി ചെയ്യാനും പഠിക്കാനും വരുന്ന മറ്റു സംസ്ഥാനങ്ങളിലെ മിടുക്കന്‍മാരും മിടുക്കികളും
ലോകത്തെവിടെ നിന്നും നമ്മുടെ ഗ്രാമങ്ങളില്‍ ഇരുന്ന് തൊഴില്‍ ചെയ്യാന്‍ എത്തുന്ന മലയാളികളും മറ്റുള്ളവരും
ആഹാ, കുളിരു കോരുന്നു
ഇതാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി
മുരളി തുമ്മാരുകുടി