കോട്ടയത്ത് പ്രചാരണച്ചൂടേറുന്നു; തോമസ് ചാഴിക്കാടന് വിജയമുറപ്പിച്ച് യു.ഡി.എഫ് പാളയം
കോട്ടയം: വെയിലാറി മഴയെത്തിയിട്ടും പ്രചാരണത്തിന്റെ ചൂട് ഒരു തരി പോലും കുറയാതെ യുഡിഎഫ് സ്ഥാനാര്ത്ഥി തോമസ് ചാഴികാടന്. അണികളും നാട്ടുകാരും ഒരു പോലെ ആവേശത്തോടെ സ്ഥാനാര്ത്ഥിയെ സ്വീകരിക്കാന് തയ്യാറെടുത്തു നില്ക്കുമ്പോള് കോട്ടയം പാര്ലമെന്റ് മണ്ഡലത്തില് വിജയത്തില്കുറഞ്ഞതൊന്നും പ്രതീക്ഷിക്കാന് യുഡിഎഫിനും, സ്ഥാനാര്ത്ഥി തോമസ് ചാഴികാടനും സാധിക്കില്ല. അണികളും സാധാരണക്കാരും പകര്ന്നു നല്കിയ ആവേശത്തിലാണ് യുഡിഎഫിന്റെയും കോണ്ഗ്രസിന്റെയും ക്യാമ്പ്.
ഇന്നലെ കോട്ടയം കുമാരനല്ലൂരില്‍ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാര്ത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം ആരംഭിച്ചത്. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രചാരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ വരവോടെ സംസ്ഥാനം മുഴുവന്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലും തോമസ് ചാഴികാടന്‍ എന്ന പേരല്ലാതെ മറ്റൊരു പേരും കേള്‍ക്കാനില്ലാത്ത അവസ്ഥയാണ്. തോമസ് ചാഴികാടനെപ്പോലെ സൗമ്യനും ജനകീയനുമായ സ്ഥാനാര്‍ത്ഥി പാര്‍ലമെന്റില്‍ കോട്ടയത്തെ പ്രതിനിധീകരിക്കുക എന്നത് ഏതൊരു നാടിന്റെയും ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ തോമസ് ചാഴികാടന്‍ തുറന്ന വാഹനത്തില്‍ പ്രചാരണത്തിനെത്തി. എല്ലായിടത്തും നൂറുകണക്കിന് സാധാരണക്കാരായ വോട്ടര്‍മാരാണ് തോമസ് ചാഴികാടനെ സ്വീകരിക്കാനായി കാത്തു നിന്നിരുന്നത്. ഓരോ വേദിയിലും ശിങ്കാരിമേളയും, നാസിക് ഡോളും, ചെണ്ടമേളവും അടക്കമുള്ളവ ഒരുക്കിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.
ഉച്ചവരെ പൊള്ളുന്ന വെയിലില്‍ പ്രചാരണം നടത്തിയ സ്ഥാനാര്‍ത്ഥിയെ വൈകിട്ട് കാത്തിരുന്നത് കുളിര്‍ മഴയായിരുന്നു. പൊള്ളുന്ന വെയിലിലും, നന്നായി പെയ്ത മഴയിലും എല്ലായിടത്തും സാധാരണക്കാരായ വോട്ടര്‍മാര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തു നില്‍ക്കുകയായിരുന്നു. കുമാരനല്ലൂരില്‍ നിന്നും ആരംഭിച്ച പര്യടനം നഗരസഭ പരിധിയിലാണ് പ്രചാരണം നടത്തിയത്. തിരുവാതുക്കലിലും, കോട്ടയം നഗരപരിധിയിലും, അടക്കമുള്ള സ്ഥലങ്ങളിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് പ്രചാരണത്തിനായി കാത്തു നിന്നിരുന്നത്.
പെസഹ വ്യാഴം ദിനമായ ഇന്ന് (ഏപ്രില്‍ 18) പാലാ നിയോജക മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥി എത്തുക. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് മണ്ഡലത്തിലെ പ്രചാരണം പൂര്‍ണമായും ഒഴിവാക്കി കെ.എം മാണി സ്മൃതി യാത്രയായാണ് മണ്ഡലത്തിലെ പ്രചാരണം നടത്തുക.
പാലായിലെ എട്ടു പഞ്ചായത്തിലും, പാലാ നഗരസഭയിലും ഇന്ന് കെ.എം മാണി സ്മൃതിയാത്ര നടക്കും. എലിക്കുളം, കൊഴുവനാല്‍, രാമപുരം, തലപ്പുലം എന്നിവിടങ്ങളിലാണ് ഇന്ന് സ്മൃതി യാത്ര നടക്കുക. ദുഖവെള്ളി ദിനത്തില്‍ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം യുഡിഎഫ് സ്ഥാനാര്ത്ഥി തോമസ് ചാഴികാടന്‍ മാറ്റി വച്ചിരിക്കുകയാണ്. ശനിയാഴ്ച കോട്ടയം നിയോജക മണ്ഡലത്തിന്റെ ഭാഗമായ വിജയപുരത്തും, കോട്ടയം ഈസ്റ്റിലുമാണ് തോമസ് ചാഴിടാകന്റെ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്.