മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു; കൂടുതല്‍ വെള്ളം പുറത്തേക്ക്

 | 
Mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു. 1, 5, 6 ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നത്. 50 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇപ്പോള്‍ 2975 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നു ഷട്ടറുകള്‍ നേരത്തേ തുറന്നിരുന്നു. എങ്കിലും അണക്കെട്ടിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്.

അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് കവിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി 534 ഘനയടി വെള്ളം പുറത്തുവിട്ടു തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 834 ഘനയടിയും ഇന്ന് രാവിലെ അളവ് വീണ്ടുമുയര്‍ത്തി 11ന് 1651 ഘനയടിയും ആക്കിയിരുന്നു.

കൂടുതല്‍ വെള്ളം തുറന്നു വിട്ടതില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഷട്ടറുകള്‍ നേരത്തേ തുറന്നത് കേരളത്തിന്റെ ആവശ്യം അനുസരിച്ചാണെന്നും കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി.