ഗുണനിലവാരമില്ല; കേരളത്തില്‍ നിന്ന് അയച്ച 5 ടണ് കശുവണ്ടി തിരുപ്പതി ക്ഷേത്രം തിരിച്ചയച്ചു

കൊല്ലം: തിരുമല തിരുപ്പതി ക്ഷേത്രത്തില് ലഡു നിര്മാണത്തിനായി കേരളത്തില് നിന്ന് അയച്ച 5 ടണ് കശുവണ്ടി തിരിച്ചയച്ചു. നിലവാരം കുറഞ്ഞ കശുവണ്ടിയാണ് എത്തിച്ചതെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കിയത്. കശുവണ്ടി തൊഴിലാളി സഹകരണ സംഘമായ കാപെക്‌സ് അയച്ച കശുവണ്ടിയാണ് നിരസിക്കപ്പെട്ടത്. ഈ കശുവണ്ടി ഉപയോഗിച്ചാല്‍ തിരുപ്പതി ലഡുവിന്റെ ഗുണനിലവാരം ഇല്ലാതാകുമെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.
കാപെക്‌സിന് തിരുപ്പതിയില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് ആദ്യ ലോഡ് കശുവണ്ടി ആഘോഷമായാണ് അയച്ചത്. ഒക്ടോബര്‍ 3ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയായിരുന്നു ആദ്യ ലോഡ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കിലോയ്ക്ക് 669 രൂപയ്ക്കാണ് ഇത് നല്‍കിയത്. കാപെക്‌സിന്റെ കശുവണ്ടി സംസ്‌കരണ കേന്ദ്രങ്ങളില്‍ നിലവാര പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഇല്ലെന്നാണ് വിവരം.
കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ അയച്ച കശുവണ്ടി തിരുപ്പതി ദേവസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കോര്‍പറേഷനില്‍ നിന്ന് 100 ടണ്‍ കശുവണ്ടി വാങ്ങാന്‍ ക്ഷേത്രം താല്‍പര്യം പ്രകടിപ്പിച്ചു. അടുത്തയാഴ്ച 10 ടണ്‍ കൂടി നല്‍കും. ഇത്രയും നല്‍കണമെങ്കില്‍ ദിവസം മൂന്ന് ടണ്‍ കശുവണ്ടി സംസ്‌കരിക്കേണ്ടി വരും. 70 കോടി രൂപയുടെ ഓര്‍ഡറാണ് തിരുപ്പതി ദേവസ്ഥാനം സംസ്ഥാനത്തിന് നല്‍കിയത്.