വിചാരണ പൂര്‍ത്തിയായി; ഉത്ര വധക്കേസില്‍ വിധി 11ന്

 | 
Uthra
അഞ്ചല്‍ ഉത്ര വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി. കേസില്‍ കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം പതിനൊന്നിന് വിധി പറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്ന് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ അടക്കം ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഉത്രയുടെ ഡമ്മി ഉപയോഗിച്ച് നടത്തിയ പരിശോധനയും കൊലപാതക ദൃശ്യങ്ങളുടെ പുനരാവിഷ്‌കരണവും നടന്നിരുന്നു.

ഡമ്മി പരിശോധന മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ചാണ് നടത്തിയത്. കട്ടിലില്‍ കിടത്തിയ ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടപ്പോള്‍ പാമ്പ് കടിച്ചില്ല. രണ്ടാമതായി ഡമ്മിയുടെ കയ്യില്‍ കോഴിയിറച്ചി കെട്ടിവെച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചെങ്കിലും പാമ്പ് കൊത്തിയില്ല. പിന്നീട് ഇറച്ചി കെട്ടിവെച്ച ഡമ്മിയുടെ കൈ കൊണ്ട് പാമ്പിനെ അമര്‍ത്തിയപ്പോള്‍ മാത്രമാണ് പാമ്പ് ആക്രമിച്ചത്. സ്വാഭാവികമായുള്ള ഈ കടിയില്‍ പാമ്പിന്റെ പല്ലുകള്‍ക്ക് ഇടയിലുള്ള ദൂരം 1.7 സെന്റീമീറ്ററായിരുന്നു.

പിന്നീട് പാമ്പിന്റെ തലയില്‍ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ക്ക് ഇടയിലെ ദൂരം 2 സെന്റീമീറ്ററില്‍ കൂടുതലായിരുന്നു. ഉത്രയുടെ മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകള്‍ 2.8 സെന്റീമീറ്റര്‍ വരെയായിരുന്നു. ഇതിലൂടെ പാമ്പിനെ തലയില്‍ പിടിച്ച് ഉത്രയെ കടിപ്പിക്കുകയായിരുന്നു എന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

ഉത്രയുടേത് കൊലപാതകമെന്ന് സൂചിപ്പിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സര്‍പ്പ ശാസ്ത്രജ്ഞന്‍ മവീഷ് കുമാര്‍, വനം വകുപ്പ്ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ കിഷോര്‍ കുമാര്‍, ഫൊറന്‍സിക് വിദഗ്ധ ഡോക്ടര്‍ ശശികല എന്നിവരടങ്ങിയ സമിതിയാണ് ഉത്രയുടേത് കൊലപാതകമാണെന്ന്  ശാസ്ത്രീയമായി കണ്ടെത്തിയത്.

കൊലപാതകം, കൊലപാതകശ്രമം, മയക്കുമരുന്ന് കലര്‍ന്ന പാനയം കുടിപ്പിച്ച് കൊലപ്പെടുത്തല്‍ തുടങ്ങയവ ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുളളത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഉത്ര വധക്കേസ് പരിഗണിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്.