ആറ്റിങ്ങലില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് വീണ്ടും വനിതാ ഡോക്ടര്‍ ആക്രമണത്തിന് ഇരയായി. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലെ ഡോ ജയശാലിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡോക്ടറെ അസഭ്യം പറയുകയും ചെരിപ്പെറിയുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഡോക്ടര്‍ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെബിന്‍, അനസ് എന്നിവരാണ് കസ്റ്റഡിയിലായത്.
കൈയ്യില്‍ മുറിവുമായാണ് ഇരുവരും ആശുപത്രിയില്‍ വന്നതെന്നും, എങ്ങനെയാണ് മുറിവ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ചെരിപ്പഴിച്ച് വെച്ച് കിടക്കയില്‍ കിടക്കാന്‍ പറഞ്ഞപ്പോഴാണ് ചെരിപ്പൂരി തന്നെ എറിഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു. ഇവരില്‍ ഒരാള്‍ ആശുപത്രിക്ക് സമീപം കട നടത്തുന്നയാളാണ്. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. രണ്ടാഴ്ചയ്ക്കിടെ വനിതാ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് ഇത്.
തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറെ രണ്ടു പേര്‍ ചേര്‍ന്ന് ആക്രമിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. മദ്യലഹരിയില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും ഇവര്‍ ആക്രമിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ആലുവയില്‍ ഡോക്ടറെ മര്‍ദ്ദിച്ചയാള്‍ ശനിയാഴ്ച പോലീസില്‍ കീഴടങ്ങിയിരുന്നു. പ്രതിയെ പിടിക്കാത്തതില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയും വാക്‌സിനേഷന്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.