ഇതുപോലുള്ള പുരുഷന്മാർക്കിടയിലാണ് ഇത്രയുംനാൾ ജോലിചെയ്തത് എന്നത് വലിയ ഞെട്ടലുണ്ടാക്കുന്നു- ഉർവശി
സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ഉർവശി. സ്ത്രീകളുടെ ആരോപണങ്ങളിൽ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും പഠിച്ചിട്ട് പ്രതികരിക്കാം എന്ന് പറയുന്നതിനു പകരം വളരെ ശക്തമായി ഒന്നിച്ച് നിലകൊള്ളണമെന്നും ഉർവശി ചെന്നൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
രഞ്ജിത്ത് ഒരു മികച്ച സംവിധായകനാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് യഥാർത്ഥ ആരോപണമാണോ എന്ന് തിരിച്ചറിയാതെ എങ്ങനെയാണ് പ്രതികരിക്കുകയെന്നും ഉർവശി പറഞ്ഞു.
സ്ത്രീകൾ പറയുന്ന ആരോപണങ്ങൾ സിനിമയിലെ പുരുഷന്മാർക്കെതിരെയാണെന്നോർക്കണമെന്ന് ഉർവശി പറഞ്ഞു. സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെന്റിലുമുള്ള പുരുഷന്മാർക്കാണ് ഇത് അപമാനമായി വരുന്നത്. സിനിമ മാത്രമാണ് ഉപജീവനം എന്ന് തന്നെപ്പോലെ കരുതുന്ന എത്രയോ പേരുണ്ടിവിടെ. ഇതുപോലുള്ള പുരുഷന്മാർക്കിടയിലാണ് ഇത്രയുംകാലം ജോലി ചെയ്തത് എന്നുധരിക്കുന്നത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ഇങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇവിടെ അന്തസോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈകോർത്തുനിന്നുകൊണ്ട് കൂട്ടായി പരിശ്രമിക്കുമ്പോഴാണ് നല്ല സിനിമകളുണ്ടാവുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
"എല്ലാ മേഖലയിലുമെന്നപോലെ സിനിമയിലും മോശം പ്രവണതകളുണ്ട്. അതിനെതിരേ വ്യക്തമായ ഒരു വ്യവസ്ഥ സർക്കാർ തലത്തിലുമുണ്ടാവണം. അമ്മ സംഘടന വേണം അതിന് മുൻകയ്യെടുക്കാൻ. മുൻപ് ഒരു പേഴ്സണൽ സ്റ്റാഫിനെ വെക്കാൻ താരപദവി ഉള്ളതുകൊണ്ട് എനിക്കനുമതി കിട്ടി. പുതുതായി വരുന്ന എല്ലാവർക്കും അങ്ങനെയുണ്ടാവില്ല. പിന്നെ എന്റെ ചേച്ചിമാരും അച്ഛനമ്മമാരും അമ്മാവനുമെല്ലാം ഇടയ്ക്കിടെ വന്നുനോക്കും. ചോദിക്കാനും പറയാനും ആളുണ്ട് എന്നൊരു തോന്നൽ എല്ലാവർക്കും ഉള്ളതുകൊണ്ടായിരിക്കും എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് ഞാൻ പ്രതികരിക്കേണ്ട എന്നല്ല. അമ്മയിലെ ഓരോ അംഗങ്ങളും പ്രതികരിക്കണം. സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കുന്നതാണ് ഇതെന്നും അവർ പറഞ്ഞു.
അന്യഭാഷയിൽനിന്നുള്ള ഒരു നടി ആരോപണമുന്നയിക്കുക എന്നുപറയുമ്പോൾ അവരെന്തായിരിക്കും അവരുടെ നാട്ടിൽപ്പോയി പറഞ്ഞിട്ടുണ്ടാവുക? അതുകൊണ്ട് വളരെ ഗൗരവത്തിൽ ചിന്തിക്കേണ്ട കാര്യമാണിത്. ഇക്കാര്യം തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വ്യാപിച്ച് എവിടെ ചെന്നെത്തും എന്ന് പറയാൻ പറ്റില്ല. പാൻ ഇന്ത്യ ആശയമായതുകൊണ്ട് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും വന്ന് പ്രവർത്തിക്കുന്നുണ്ട്. പരാതിയുള്ള സ്ത്രീകൾ ഈ സമയത്ത് വരിക. നിങ്ങളുടെ പേരുകൾ പുറത്തുപറയില്ല, എന്ന് പറഞ്ഞാൽ ഒരുപാട് സ്ത്രീകൾ രംഗത്തെത്തുക ചിലപ്പോൾ പലഭാഷകളിൽനിന്നായിരിക്കും. സംഘടന വളരെ ശക്തമായ നിലപാടാണ് എടുക്കേണ്ടതെന്നാണ് അമ്മയുടെ ആയുഷ്കാല അംഗം എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും ഉർവശി പറഞ്ഞു.