എസ്.ഡി.പി.ഐയെ കൂടെക്കൂട്ടിയ വിജയരാഘവന്‍ മതേതരത്വ ക്ലാസെടുക്കേണ്ട; വിഡി സതീശൻ

 | 
vd satheeshan


താൽക്കാലിക ലാഭത്തിനായി ആരുമായും കൂട്ടുകൂടുന്ന ഒരു പാർട്ടിയുടെ സെക്രട്ടറിയാണ് വിജയരാഘവനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടുന്നെന്നു പറഞ്ഞ് പുരപ്പുറത്തു കയറി നിലവിളിച്ചയാളാണ് വിജയരാഘവൻ. ഈരാറ്റുപേട്ടയിൽ യു.ഡി.എഫ് ഭരണ സമിതിയെ താഴെയിറക്കാൻ അഞ്ചംഗ എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ തേടിയ പാർട്ടിയുടെ സെക്രട്ടറിയാണ് അദ്ദേഹെന്നും വി.ഡി സതീശൻ തിരുവല്ലത്ത് പറഞ്ഞു. 

 മഹാരാജാസിൽ എസ്.ഡി.പി.ഐ കൊലചെയ്ത അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിൽ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് വിജയരാഘവനെ ഓർമ്മിപ്പിക്കുന്നു. വിജയരാഘവന്റെയോ സി.പി.എമ്മിന്റെയോ മതേതരത്വമല്ല ഞങ്ങളുടെ മതേതരത്വം. ഈരാറ്റുപേട്ടയിലെ നഗരസഭാ ഭരണം പടിക്കാൻ എസ്.ഡി.പി.ഐയെ കൂടെക്കൂട്ടിയ വിജയാരാഘവന്റെ മതേതരത്വവും ക്ലാസും ഞങ്ങൾക്കു വേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.