തിരുവനന്തപുരത്ത് ത്രിവേണി സ്റ്റോറില്‍ കയറി അതിക്രമം; ജില്ലാ പഞ്ചായത്ത് അംഗമായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

 | 
Vellanad Sasi

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ അതിക്രമം നടത്തിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവും വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ വെള്ളനാട് ശശിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഷട്ടറിട്ടു പൂട്ടിയ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാനെത്തിയ പോലീസിനെയും തടഞ്ഞു. ഇതോടെയാണ് അറസ്റ്റ്.

വെള്ളനാട് സഹകരണ ബാങ്കിന്റെ കീഴിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വാടകക്കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും ഒഴിയുന്നില്ലെന്ന് ആരോപിച്ചാണ് ശശി പ്രശ്‌നമുണ്ടാക്കിയത്. സ്റ്റോറില്‍ കയറിയ ഇയാള്‍ ഫോണ്‍ വലിച്ചെറിയുകയും വനിതാ ജീവനക്കാരോട് കയര്‍ക്കുകയും ജീവനക്കാരെ പുറത്താക്കി ഷട്ടറിട്ട് പൂട്ടുകയുമായിരുന്നു.

ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിനെ തടയാന്‍ ശശി ശ്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. നേരത്തേ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ആശുപത്രിയുടെ ശിലാഫലകത്തില്‍ തന്റെ പേരില്ലെന്ന് ആരോപിച്ച് ശിലാഫലകം തകര്‍ത്ത കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് അതിക്രമം.