പാലക്കാട് എല്‍.ഡി.എഫിന് മുന്തൂക്കം പ്രവചിക്കുന്ന സര്‍വ്വേയില്‍ പറയാത്ത ചില വാസ്തുതകളുണ്ട്; ഇത്തവണ രാജേഷ് വിയര്‍ക്കും!
പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തില് എല്.ഡി.എഫിന് മുന്തൂക്കം പ്രവചിക്കുന്ന പല മീഡിയാ റിപ്പോര്ട്ടുകളും കാണാതെ പോകുന്ന ചില വസ്തുകളുണ്ട്. അവസാനമായി പ്രവചനം പുറത്തുവന്ന റിപ്പോര്ട്ടിലെ വിവരങ്ങള് ഫെബ്രുവരി മാസത്തില് നടത്തിയ സര്വേയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല് ഇതിന് ശേഷം മണ്ഡലത്തില് വലിയ തോതിലുള്ള മാറ്റങ്ങള് സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്ഗ്രസിന്റെ ശക്തനായ നേതാവ് ഡിസിസി അധ്യക്ഷന് വി കെ ശ്രീകണ്ഠന് ഇവിടെ സ്ഥാനാര്ഥിയായി പ്രഖ്യാപിച്ചതോടെ കാര്യങ്ങള് ഇടത് സ്ഥാനാര്ത്ഥി രാജേഷിന് അത്ര അനുകൂലമാകില്ലെന്ന് വ്യക്തമായിരുന്നു.
നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പുള്ള സര്‍വേ റിപ്പോര്‍ട്ട് ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. 25 ദിവസങ്ങള്‍ കൊണ്ട് 400 കിലോമീറ്ററുകളോളം കാല്‍നടയായി നടത്തിയ പദയാത്രയിലൂടെ ജില്ലയില്‍ പാര്‍ട്ടിയെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള ശ്രീകണ്ഠന്റെ കടന്നുവരവ്. ശ്രീകണ്ഠന്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. അതിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം കൂടി ആയതോടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചിത്രം ആകെ മാറിമറിയുകയാണ്. മുമ്പ് കോട്ടയത്ത് നിന്നോ കണ്ണൂരില്‍ നിന്നോ കോഴിക്കോട് നിന്നോ ഉള്ളവരായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍. എന്നാല്‍ ഇത്തവണ ശ്രീകണ്ഠനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ചിത്രങ്ങള്‍ മാറി.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഉള്‍പ്പെടെ ഉള്ളവരായിരുന്നു പരിഗണനയില്‍. പക്ഷേ, മണ്ഡലത്തില്‍ തന്നെയുള്ള നേതാവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി വന്നതോടെ യുഡിഎഫ് ക്യാമ്പുകള്‍ കൂടുതല്‍ ആത്മവിശ്വാസത്തിലേക്ക് എത്തുകയും ചെയ്തു. നിലവില്‍ പാലക്കാട് ഒപ്പത്തിനൊപ്പം എന്നതാണ് പാലക്കാട്ടെ സ്ഥിതി എന്നാണ് വിലയിരുത്തല്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും അതോടുള്ള ജനങ്ങളുടെ ആവേശകരമായ പ്രതികരണവും സൃഷ്ടിച്ച അലയടികള്‍ ഏറ്റവും ഗുണകരമായി ബാധിക്കുക പാലക്കാട്ടായിരിക്കും.
മറ്റ് സമീപ മണ്ഡലങ്ങളൊക്കെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ സാഹചര്യത്തില്‍ രാഹുല്‍ ഇഫക്റ്റ് സിപിഎം കോട്ടകളെയായിരിക്കും ഇളക്കിമറിക്കുക. മണ്ഡലത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെ രംഗത്തിറങ്ങിയെന്നതും ശ്രീകണ്ഠന് ഗുണം ചെയ്യും.