യുഡിഎഫിലും പട; മുന്നണി വിടാനൊരുങ്ങി ആര്‍എസ്പി, യുഡിഎഫ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും
കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃമാറ്റവും പുതിയ ഡിസിസി അധ്യക്ഷ പട്ടികയും യുഡിഎഫില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ആര്‍എസ്പി, യുഡിഎഫ് വിടാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. യുഡിഎഫ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആര്‍എസ്പി തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട തോല്‍വി സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് നേരത്തെ ആര്‍എസ്പി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല.യുഡിഎഫ് യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്നായിരുന്നു മുന്നണിയുടെ നിലപാട്. കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠംപഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും പുതിയ തലമുറയ്ക്ക് കോണ്‍ഗ്രസിലെ തമ്മിലടിയില്‍ താല്‍പര്യമില്ലെന്നുമാണ് ഷിബു പറഞ്ഞത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സെക്രട്ടറിയേറ്റ് യോഗം യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം. മുന്നണി വിടുന്നതിനെക്കുറിച്ചും പാര്‍ട്ടിയില്‍ ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും മുന്നണിയില്‍ പ്രശ്‌നമാകുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടി അസീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരുന്നാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂവെന്നും എഎ അസീസ് പറഞ്ഞു.