വാരിയംകുന്നന്‍ താലിബാന്‍ തീവ്രവാദിയെന്ന പ്രസ്താവന; അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിയുമായി ജമാഅത്തെ ഇസ്ലാമി

 | 
ap abdullakutty
ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ജമാഅത്തെ ഇസ്ലാമി. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനാണെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.

ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ജമാഅത്തെ ഇസ്ലാമി. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനാണെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. മതസപര്‍ദ്ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയും വര്‍ഗ്ഗീയ പ്രസ്താവന നടത്തുകയാണ് അബ്ദുള്ളക്കുട്ടിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. 

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായ പ്രസ്താവനയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നു. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ബിജെപി നേതാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. അബ്ദുള്ളക്കുട്ടിയുടേത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്ക് എതിരെ കേസ് എടുക്കണമെന്നാണ് യൂത്ത് ലീഗ് പരാതിയിലൂടെ ആവശ്യപ്പെട്ടത്. 

വാരിയംകുന്നനും ആലി മുസ്ലീയാരും മലബാര്‍ കലാപത്തിന്റെ നായകനായിരുന്നു. അവരെ അപമാനിക്കുക വഴി ഒരു സമുദായത്തെ അപമാനിക്കാനാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചതെന്നും യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. 

വാരിയംകുന്നന് സ്മാരകം ഉണ്ടാക്കുന്നതും മലബാര്‍ കലാപം സ്വാതന്ത്ര്യസമരമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.