കെ.സുധാകരന്‍ വിമാനത്തില്‍ ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമോ? നിയമം പറയുന്നത് ഇങ്ങനെ

 | 
Indigo

കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കെപിസിസി പ്രസിഡന്റിന്റെയും അനുയായിയുടെയും നടപടി വ്യോമയാന നിയമങ്ങളുടെ ലംഘനമാകുമെന്ന് സൂചന. സംഭവത്തില്‍ വ്യോമയാന വകുപ്പിന്റെ അന്വേഷണം ഉണ്ടാകുകയും വിമാനത്തിന്‍രെ സുരക്ഷയ്ക്കായി പൈലറ്റിന്റെ നിര്‍ദേശം അനുസരിച്ച് പിന്‍ സീറ്റുകള്‍ ഒഴിച്ചിട്ടതാണെന്നും വ്യക്തമായാല്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാന വിദഗ്ദ്ധന്‍ ജേക്കബ് കെ. ഫിലിപ്പ് പറയുന്നു.

ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍സിന്റെ പൊതുസുരക്ഷാ വ്യവസ്ഥകള്‍ എന്ന മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റൂള്‍ 29 ആണ് ഈ സംഭവത്തില്‍ ബാധകമായിരിക്കുന്നത്. വിമാനത്തിന്റെ പൈലറ്റിന്റെയോ പറക്കല്‍ നിയന്ത്രിക്കുന്ന മറ്റ് ജീവനക്കാരുടെയോ (ഫ്ളൈറ്റ് എന്‍ജിനീയര്‍, നാവിഗേറ്റര്‍) ജോലിക്ക് തടസ്സമുണ്ടാക്കാനോ, വിമാനത്തിന്റെയോ വിമാനജീവനക്കാരുടെയോ യാത്രക്കാരുടെയോ സുരക്ഷ അപകടത്തിലാക്കും വിധം പ്രവര്‍ത്തിക്കാനോ പാടുള്ളതല്ല എന്നാണ് നിയമം പറയുന്നത്.

രണ്ടു കൊല്ലത്തില്‍ കവിയാത്ത തടവോ പത്തു ലക്ഷത്തില്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ ആണ് ഇതിനുള്ള ശിക്ഷ. ഇത്തരം സംഭവങ്ങള്‍ വിമാനക്കമ്പനികള്‍ മറച്ചു വെക്കുന്നതും കുറ്റമാണ്. അതിന് ഉത്തരവാദികളായവര്‍ക്ക് ആറ് മാസം തടവോ രണ്ടുലക്ഷത്തില്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

സുധാകരന്‍ പിന്‍നിരയിലെ സീറ്റ് ചോദിച്ചപ്പോള്‍ വിമാനത്തിന്റെ ഭാരക്രമീകരണത്തിനായി സീറ്റ് അനുവദിക്കാന്‍ കഴിയില്ലെന്ന് എയര്‍ഹോസ്റ്റസ് വ്യക്തമാക്കി. ഇതോടെ സുധാകരന്റെ ഒപ്പമുണ്ടായിരുന്നയാള്‍ എയര്‍ ഹോസ്റ്റസിന് നേരെ കയര്‍ത്തു. സഹായത്തിനെത്തിയ ഗ്രൗണ്ട് സ്റ്റാഫിനെയും എയര്‍ ഹോസ്റ്റസിനെയും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വിമാനത്തില്‍ യാത്രക്കാരനായിരുന്ന ആര്‍ജെ സൂരജിന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. എംപിയുടെ അനുയായിയുടെ ഭീഷണിക്കു പുറമേ ജീവനക്കാരുടെ ജോലി കളയുന്ന തരത്തിലുള്ള ഇടപെടലും ഇവര്‍ നടത്തിയെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. പിന്നീട് സൂരജിന്റെ ഫെയിസ്ബുക്ക് പേജില്‍ സുധാകരന്റെ അനുകൂലികളുടെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

ജേക്കബ് കെ. ഫിലിപ്പിന്റെ പോസ്റ്റ് വായിക്കാം

ഒക്ടോബര്‍ 24 ഞായറാഴ്ച കൊച്ചിയില്‍ നിന്ന് കണ്ണൂരേക്ക് പറന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6E 7958 വിമാനത്തിലുണ്ടായ സംഭവങ്ങള്‍ വ്യോമയാന വകുപ്പ്  അന്വേഷിക്കുകയും, വിമാനത്തിന്റെ സുരക്ഷയ്ക്കായി പൈലറ്റ് പറഞ്ഞതനുസരിച്ച് പിന്‍നിര സീറ്റുകള്‍ ഒഴിച്ചിട്ടതായിരുന്നുവെന്ന് വ്യക്തമാവുകയും ചെയ്താല്‍ കര്‍ശനമായ തുടര്‍ നടപടികളാണ് ഉണ്ടാവുക, അല്ലെങ്കില്‍ ഉണ്ടാകേണ്ടിയതെന്ന് ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍സ് വ്യക്തമാക്കുന്നു.
2011 ഫെബ്രുവരിയില്‍ പുതുക്കിയ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍സ് (1937) എന്ന നിയമാവലിയുടെ പൊതു സുരക്ഷാ വ്യവസ്ഥകള്‍ എന്ന മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമം 29 ആണ് ഇന്‍ഡിഗോ സംഭവത്തില്‍ ബാധകമായിട്ടുള്ളത്.
റൂള്‍ 29 എ പറയുന്നത് ഇങ്ങിനെ:
ഒരാളും വിമാനത്തിന്റെ പൈലറ്റിന്റെയോ പറക്കല്‍ നിയന്ത്രിക്കുന്ന മറ്റ് ജീവനക്കാരുടെയോ (ഫ്ലൈറ്റ് എന്‍ജിനീയര്‍, നാവിഗേറ്റര്‍ എന്നിവര്‍) ജോലിക്ക് തടസ്സമുണ്ടാക്കാനോ, വിമാനത്തിന്റെയോ വിമാനജീവനക്കാരുടെയോ യാത്രക്കാരുടെയോ സുരക്ഷ അപകടത്തിലാക്കും വിധം പ്രവര്‍ത്തിക്കാനോ പാടുള്ളതല്ല.
അങ്ങിനെ ചെയ്യുന്നവര്‍ക്ക് എന്തു ശിക്ഷയാണ് കൊടുക്കേണ്ടിയതെന്ന് നിയമാവലിയുടെ ആറാം ഷെഡ്യൂളില്‍ തുടര്‍ന്ന് വ്യക്തമാക്കുന്നുണ്ട്:
രണ്ടു കൊല്ലത്തില്‍ കവിയാത്ത തടവോ പത്തു ലക്ഷത്തില്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ.
ഇത്തരമൊരു സംഭവം (ഇന്‍സിഡന്റ്) ഉണ്ടായാല്‍ എയര്‍ലൈന്‍ അത് കൃത്യമായി വ്യോമയാന അധികൃതരെ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണെന്ന് റൂള്‍-77 ബി പറയുന്നു.
സംഭവം വിമാനക്കമ്പനി മൂടിവച്ചാല്‍ ഉത്തരവാദികളായവര്‍ക്ക് കിട്ടാവുന്ന ശിക്ഷ ഇതാണ്:
ആറും മാസം കവിയാത്ത തടവോ രണ്ടു ലക്ഷത്തില്‍ കവിയാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ.