വയനാട് രാജ്യത്തെ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല; ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് കളക്ടര്‍

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല എന്ന നേട്ടം ഇനി വയനാടിന്. 18 വയസിന് മുകളില്‍ പ്രായമുള്ള, ലക്ഷ്യമിട്ട എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഒറ്റക്കെട്ടായി നിന്നതാണ് നേട്ടത്തിന് പിന്നിലെന്നും കളക്ടര്‍ വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ നടത്തിയത്. 28 മൊബൈല്‍ ടീമുകളെ വാക്‌സിനേഷനായി നിയോഗിച്ചു. ചെന്നെത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ പോലും ഇവരുടെ സഹായത്തോടെ വാകസിന്‍ എത്തിക്കാനായി. ആദിവാസി ഊരുകളില്‍ മായും മൊബൈല്‍ ടീമുകളാണ് ദൗത്യം നടത്തിയത്.
ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന വാക്‌സിനേഷന്‍ മെഗാ ഡ്രൈവ് വന്‍ വിജയമായതും നേട്ടം കൈവരിക്കാന്‍ കാരണമായെന്ന് കളക്ടര്‍ പറഞ്ഞു. ഇപ്പോള്‍ ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 18 വയസിന് മുകളില്‍ അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനായി. കേരളത്തിലെ പല ജില്ലകളിലും കോവിഡ് വ്യാപനം കൂടുമ്പോള്‍ ഒരു പരിധി വരെ വയനാടിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
വയനാട്ടില്‍ ആകെ 6,51,968 പേരാണ് 18 വയസിന് മുകളില്‍ ഉള്ളവര്‍. ഇതില്‍ 6,11,430 പേരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായത്. മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുമാണ് ഇനി വാക്‌സിന്‍ സ്വീകരിക്കാനുള്ളത്.