നീയൊക്കെ ഏതു കോപ്പിലെ പൊലീസാണ്?; പിങ്ക് പോലീസിനെതിരെ മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്

 | 
s sudheeep

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും  പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ്. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലില്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊലീസ്  പരസ്യവിചാരണ നടത്തിയത്. 

കാണാതായ ഫോൺ  പൊലീസുകാരുടെ ബാഗില്‍ നിന്നുതന്നെ  കണ്ടെത്തുകയായിരുന്നു. 
  
എസ് സുദീപിന്റെ വാക്കുകൾ

ആ കുട്ടി ജീവിതകാലം മുഴുവനും നിങ്ങളെ ഭയക്കുകയും വെറുക്കുകയും ചെയ്യും. ഐ എസ് ആർ ഒയിലേയ്ക്ക് വലിയ യന്ത്രഭാഗങ്ങൾ വലിയ വണ്ടികളിൽ കൊണ്ടു പോകുന്നതു കാണാൻ ആറ്റിങ്ങലിലെ റോഡരികിൽ അച്ഛൻ്റെ കൈ പിടിച്ചെത്തിയ ഒരു മൂന്നാം ക്ലാസുകാരി.വണ്ടി വരാൻ താമസിച്ചു. അച്ഛനും മകളും തൊട്ടടുത്ത കടയിൽ പോയി ഒരു നാരങ്ങാവെള്ളം കുടിച്ചു മടങ്ങിയെത്തി.അവിടെ കിടന്നിരുന്ന പിങ്ക് പൊലീസിൻ്റെ വാഹനത്തിൽ നിന്ന് അച്ഛൻ ഫോൺ മോഷ്ടിച്ചെന്നും മകൾക്കു കൈമാറിയെന്നും ആരോപിച്ച് പൊലീസ് ആ അച്ഛനെയും മകളെയും റോഡിൽ വച്ച് പരസ്യമായി ചോദ്യം ചെയ്തു, ദേഹ പരിശോധന നടത്തി.

അവൾ വല്ലാതെ പേടിക്കുകയും ഉറക്കെക്കരയുകയും ചെയ്തു. ജനം കൂടി. കാണാതായ ഫോണിലേയ്ക്ക് വിളിച്ചു നോക്കി. പൊലീസ് വാഹനത്തിലെ ബാഗിനുള്ളിലിരുന്ന് ഫോൺ റിംഗ് ചെയ്തു. ആ കുട്ടി ഇപ്പോഴും കരയുന്നുണ്ടാവണം. അവൾ ഒരു കാലവും കാക്കിക്കുപ്പായങ്ങളെ വിശ്വസിക്കില്ല. ഒരുപക്ഷേ മനുഷ്യനെത്തന്നെയും. കുട്ടിക്കാലത്ത് അച്ഛൻ്റെ കൈ പിടിച്ച് റോഡരികിൽ പോയി വണ്ടി നോക്കി നിന്നിരുന്ന പഴയ ഒരു കുട്ടിയെ ഓർത്തു.  ആ കുട്ടി വലുതാവുകയും സരിത തിയേറ്ററിൽ ക്യൂ നിൽക്കുമ്പോൾ ഒരു കാര്യവുമില്ലാതെ പൊലീസിൻ്റെ ചൂരലടി വാങ്ങുകയും ചെയ്തു.

അവൻ പിന്നെയും വളരുകയും നിർഭാഗ്യവശാൽ മജിസ്ട്രേറ്റ് ആവുകയും ചെയ്തു. എസ് ഐയെ റിമാൻ്റ് ചെയ്യാൻ ഉത്തരവിട്ട ദിവസം രാത്രി പൊട്ടിച്ചിതറിയ മജിസ്ട്രേറ്റ് ക്വാർട്ടേഴ്സിൻ്റെ ജനാലച്ചില്ലുകളുടെ ശബ്ദം.കുറ്റാരോപിതരുമായി പലതവണ പൊലീസ് വീട്ടിൽ വരികയും ചെറുപ്പം തൊട്ടേ പൊലീസിനെ കണ്ടു വളരുകയും ചെയ്തിട്ടും പൊലീസിനെ ഇന്നും വല്ലാതെ ഭയക്കുന്ന അയാളുടെ മകളെ ഓർത്തു.
പൊലീസിന് തെറ്റു ചെയ്യാൻ കഴിയുമോ എന്ന് ഇന്നും അത്ഭുതപ്പെടുന്ന മകൾ.

സ്വന്തം ഫോൺ നഷ്ടപ്പെട്ടോ എന്നറിയാൻ അതിലേയ്ക്ക് ആദ്യമൊന്നു വിളിച്ചു നോക്കണമെന്ന ബാലപാഠം പോലും അറിയാത്ത നീയൊക്കെ ഏതു കോപ്പിലെ പൊലീസാണ്? നീയൊക്കെ ഇതേപോലെ എത്രയോ കേസന്വേഷിക്കുകയും എത്രയെത്ര നിരപരാധികളെ ഇപ്പോഴും ഇനിയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നുണ്ടാവും? നിന്നെയൊക്കെ ആ കുട്ടി മാത്രമല്ല, ഒരു ജനത മുഴുവനും വെറുക്കുക തന്നെ ചെയ്യും