'ഐശ്വര്യത്തിന്' മന്ത്രവാദം; വനിതാ ഡോക്ടറുടെ 45 പവന്‍ സ്വര്‍ണ്ണവുമായി ഉസ്താദ് മുങ്ങി

 | 
Gold

ഐശ്വര്യത്തിന് മന്ത്രവാദം നടത്താനെത്തിയ ഉസ്താദ് വനിതാ ഡോക്ടറുടെ 45 പവന്‍ സ്വര്‍ണ്ണവുമായി കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ ഡോക്ടറാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറം സ്വദേശി കോയ ഉസ്താദിനും രണ്ട് സഹായികള്‍ക്കുമെതിരെ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഡോക്ടറുടെ കുടുംബത്തിന് ഐശ്വര്യം ലഭിക്കാനെന്ന പേരിലായിരുന്നു മന്ത്രവാദം.

ക്ലിനിക്കില്‍ ചികിത്സക്ക് എത്തിയിരുന്നയാളാണ് മന്ത്രവാദിയെ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും, സമ്പദ്സമൃദ്ധിക്കും സമാധാനത്തിനുമായി മന്ത്രവാദം ഫലപ്രദമാണെന്ന് ഇയാള്‍ ഡോക്ടറോട് പറഞ്ഞു. ആദ്യം വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന ഡോക്ടര്‍ പരീക്ഷണമെന്ന നിലയ്ക്കാണ് സമ്മതിച്ചതെന്ന് പരാതിയില്‍ പറയുന്നു. പണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പിന്മാറി.

സ്വര്‍ണ്ണം വേണ്ടെന്ന് പറഞ്ഞ ഉസ്താദ് നിര്‍ദേശിച്ചത് അനുസരിച്ച് കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ ഒരോ പൊതി സ്വര്‍ണാഭരണങ്ങള്‍ ചികിത്സാ കേന്ദ്രത്തിലെ അലമാരയില്‍ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വര്‍ണത്തിന് ഊതല്‍ നടത്തുകയും ചെയ്തു. ഒരുമാസം കഴിഞ്ഞാല്‍ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയില്‍ 45 പവന്‍ സ്വര്‍ണാഭരണങ്ങളാണ് അലമാരയില്‍ സൂക്ഷിച്ചത്. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായതായി വ്യക്തമായത്. തുടര്‍ന്ന് മന്ത്രവാദിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

ഡോക്ടര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പുകാരെ സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഡോക്ടര്‍ക്ക് അറിയാത്തതിനാല്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല.